ഡിജിറ്റൽ റീസർവേ: 2027ൽ പൂർത്തിയാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യു വകുപ്പ്. 2027 പൂർത്തിയാക്കുകയാണ് ലക്ഷ്യം. 2022 നവംബർ ഒന്നിനാണ് തുടക്കമിട്ടത്. ആവശ്യമായ യന്ത്രങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും എത്താൻ കാലതാമസം നേരിട്ടതിനാൽ ജോലികൾ തുടങ്ങിയത് 2023ൽ. 1550 വില്ലേജുകളിലാണ് സർവേ നടത്തേണ്ടത്.
അതേസമയം, ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നല്ലനിലയിൽ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും വേഗത പോരെന്ന് ആക്ഷേപമുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പും പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. സർവേ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ജോലികളുടെ ചുമതല ഇല്ലെങ്കിലും വില്ലേജ് ഓഫീസുകളിലെ മറ്റ് ജീവനക്കാർക്ക് ഇതിന്റെ തിരക്കുണ്ടാകുമെന്നതു കൊണ്ടാണിത്.
ആദ്യ മൂന്നു ഘട്ടങ്ങളിൽ ഉൾപ്പെടുത്തിയ 639 വില്ലേജുകളിൽ സർവേ തുടങ്ങിയത് 554 എണ്ണത്തിൽ. ഇതുവരെ സർവേ പൂർത്തിയാക്കി 9 (2) വിജ്ഞാപനം പ്രസിദ്ധീകരിച്ചത് 303 വില്ലേജുകളിൽ. അന്തിമ വിജ്ഞാപനം (13 നോട്ടിഫിക്കേഷൻ) പ്രസിദ്ധീകരിച്ചത് 48 വില്ലേജുകളിൽ മാത്രം.
ജീവനക്കാരുണ്ട്, ഫണ്ടും
റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 857 കോടിയാണ് ആകെ ഡിജിറ്റൽ റീസർവേയ്ക്കായി അനുവദിച്ചത്. ആദ്യഗഡുവായി നൽകിയത് 458 കോടി. 1500 സർവേയർമാരും 3200 ഹെൽപ്പർമാരും കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു.
8,77,981 ഹെക്ടർ ഇതുവരെ റീസർവേ ചെയ്തത്
303 വില്ലേജുകൾ
9(2) വിജ്ഞാപനം പ്രസിദ്ധീകരിച്ചത്
48 വില്ലേജുകൾ
അന്തിമ വിജ്ഞാപനം ഇറങ്ങിയത്
'' നല്ല വേഗതയിൽ പ്രവർത്തനങ്ങൾ നടക്കുന്നു. നിശ്ചിത സമയത്തു തന്നെ പൂർത്തിയാക്കും
-കെ.രാജൻ,
റവന്യു മന്ത്രി