ശബരിമല ഡ്യൂട്ടി : 8000 പേർക്ക് വോട്ട് ചെയ്യാനാകില്ല

Tuesday 02 December 2025 12:08 AM IST

ശബരിമല : ശബരിമല ഡ്യൂട്ടിയിലുള്ള എണ്ണായിരത്തോളം ആളുകൾക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. ദേവസ്വം ബോർഡ് ഇവർക്ക് പോസ്റ്റൽ വോട്ടിനുള്ള അവസരം തേടിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മി​ഷൻ ഇത് നിഷേധിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമെ പോസ്റ്റൽ വോട്ടിന് അർഹതയുള്ളെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മി​ഷന്റെ നടപടി. ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലുമായി ദേവസ്വം, പൊലീസ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, ഫയർ ഫോഴ്സ്, എക്സൈസ് തുടങ്ങിയ സർക്കാർ - അർദ്ധസർക്കാർ, സ്വകാര്യ മേഖലകളിലുൾപ്പടെ എണ്ണായിരത്തോളം ആളുകളാണ് ജോലിയിലുള്ളത്.

ദേവസ്വം ബോർഡിന് സന്നിധാനത്ത് മാത്രം 663 സ്ഥിരം ജീവനക്കാരും 1500 ദിവസ വേതനക്കാരുമുണ്ട്. ഇതിന് പുറമെ സന്നിധാനം മരാമത്ത് ഓഫീസ് -30 , പലവേലക്കാർ - 45, കെൽട്രോൺ​ -75 തുടങ്ങി വേറെ ജീവനക്കാരുമുണ്ട്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉള്ളവരുടെകൂടി എണ്ണം കണക്കാക്കുമ്പോൾ ഇത് 2500 കവിയും. സന്നിധാനം അപ്പം, അരവണ വഴിപാട് കൗണ്ടറുകളിൽ ധനലക്ഷ്മി ബാങ്ക് 275 താത്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രണത്തിനായി സന്നിധാനത്ത് മാത്രം 1543 പൊലീസുകാരുണ്ട്. ശബരിമലയിലും പമ്പയിലുമായി 1500 പൊലീസുകാർ വേറെയുമുണ്ട്. കെ.എസ്.ആർ.ടി.സി പമ്പ ഡിപ്പോയിൽ 699 ജീവനക്കാർ ജോലി നോക്കുന്നു. സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി 200 വനപാലകരുണ്ട്. ഇതിന് പുറമെ 30 എലിഫെന്റ് സ്ക്വാഡ് , റാപ്പിഡ് ആക്ഷൻ ഫോഴ്സ്, 12 പാമ്പുപിടുത്തക്കാർ, 60 വനം ഇക്കോ ഗാർഡുകളുമുണ്ട്. കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി , ഇറിഗേഷൻ തുടങ്ങിയ വിഭാഗത്തിലെ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അവസരം ഇല്ല.

അയ്യപ്പന്റെ പൂങ്കാവനം

റാന്നി - പെരുനാട് 9-ാം വാർഡിൽ

ശബരിമല അയ്യപ്പസ്വാമിയുടെ പൂങ്കാവനം റാന്നി - പെരുനാട് ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിലാണ്. ളാഹ വനംവകുപ്പ് ചെക്ക് പോസ്റ്റ് മുതൽ സന്നിധാനം വരെ റോഡിന്റെ ഒരുവശമാണ് ഈ വാർഡിലുള്ളത്. 48 കിലമോമീറ്റർ വ്യാപിച്ച് കിടക്കുന്ന വാർഡിൽ 683 വോട്ടർമാരാണുള്ളത്. വോട്ടർമാരിൽ ഏറെയും ആദിവാസികളാണ്. ശബരിമല, മാളികപ്പുറം, പമ്പ ക്ഷേത്രങ്ങൾ ഉൾപ്പടെ ദേവസ്വം ബോർഡിന്റെ മുഴുവൻ സ്ഥലങ്ങളും കെട്ടിടങ്ങളും ഈ വാർഡിലാണ്. ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. അമ്പിളി സുജൻ (യു.ഡി.എഫ്), പി.കെ.ഉത്തമൻ (എൽ.ഡി.എഫ്), രാജേഷ് താന്നിക്കൽ

(ബി.ജെ.പി) എന്നിവരാണ് സ്ഥാനാർത്ഥികൾ.