രാജ്ഭവൻ ഇനി മുതൽ 'ലോക്‌ഭവൻ കേരള'
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്ഭവന്റെ പേര് 'ലോക് ഭവൻ കേരള" എന്നാക്കി ഗവർണർ വിജ്ഞാപനമിറക്കി. ഇനിമുതൽ ഔദ്യോഗിക രേഖകളിൽ ലോക്ഭവൻ കേരള എന്നാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി രജിസ്ട്രാർ ജനറൽ,കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി,ആഭ്യന്തര മന്ത്രി,കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാർ എന്നിവർക്ക് വിജ്ഞാപനം കൈമാറി. വെള്ളയമ്പലത്ത് രാജ്ഭവന്റെ പ്രവേശന കവാടത്തിലെ ബോർഡ് മാറ്റി. മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലെഴുതിയ പുതിയ ബോർഡ് ഉടൻ സ്ഥാപിക്കും.
രാജ്യത്തെ രാജ്ഭവനുകൾ ലോക്ഭവനെന്നും ലെഫ്റ്റനന്റ് ഗവർണർമാരുടെ വസതിയായ രാജ് നിവാസുകൾ ലോക് നിവാസുകളാക്കാനുമാണ് കേന്ദ്ര നിർദ്ദേശം. പേരുമാറ്റത്തിനുശേഷമുള്ള ആദ്യ അതിഥി രാഷ്ട്രപതി ദ്രൗപതി മുർമുവാണ്. നാവികസേനാ ദിനാഘോഷത്തിന് നാളെ തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി തങ്ങുന്നത് ലോക്ഭവനിലായിരിക്കും. നാളെ വൈകിട്ട് ശംഖുംമുഖത്ത് നിന്ന് റോഡ്‌മാർഗം ലോക്‌ഭവനിലെത്തും. 4ന് രാവിലെ ഡൽഹിയിലേക്ക് മടങ്ങും.
''കൊളോണിയൽ മനോഭാവത്തിൽ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാനമായ മാറ്റമാണിത്. മാറുന്ന കാലഘട്ടത്തിന് അനുസൃതമായുള്ള ചിന്താഗതിയാണിത്.""
-ആർ.വി. ആർലേക്കർ
ഗവർണർ