കാനത്തിൽ ജമീലയുടെ കബറടക്കം ഇന്ന്
കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എയും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ കബറടക്കം ഇന്ന് നടക്കും. കോഴിക്കോട് മെയ്ത്ര ഹോസ്‌പിറ്റലിൽ സൂക്ഷിച്ച മൃതദേഹം രാവിലെ സി.പി.എം നേതാക്കൾ ഏറ്റുവാങ്ങും. എട്ടു മുതൽ 10 വരെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. 11മുതൽ ഒന്നുവരെ കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിലും ഒന്നരയ്ക്ക് തലക്കുളത്തൂർ മിയാമി കൺവെൻഷൻ സെന്ററിലും പൊതുദർശനമുണ്ടാകും. മൂന്നിന് ചോയികുളത്തെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അത്തോളി കുനിയിൽകടവ് ജുമാ മസ്‌ജിദ് കബർസ്ഥാനിൽ വൈകിട്ട് അഞ്ചിന് കബറടക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ മണ്ഡലത്തിൽ എൽ.ഡി.എഫ് ഹർത്താൽ ആചരിക്കും. നാളെ വൈകിട്ട് നാലരയ്ക്ക് കൊയിലാണ്ടിയിൽ മൗനജാഥയും അനുശോചനയോഗവും ചേരും. മന്ത്രി എ.കെ ശശീന്ദ്രൻ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി.പി രാമകൃഷ്ണൻ എം.എൽ.എ, പി.കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം.മെഹബൂബ്, വനിത കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി, കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ, എൻ.സി.പി നേതാവ് പി.എം സുരേഷ്ബാബു തുടങ്ങിയവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.