ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: അന്വേഷണം സി.ബി.ഐയ്ക്ക് ഉത്തരവിട്ട് സുപ്രീംകോടതി ബാങ്കുകളുടെ പങ്കും അന്വേഷിക്കും

Tuesday 02 December 2025 1:16 AM IST

ന്യൂഡൽഹി: രാജ്യത്ത് മുതിർന്ന പൗരന്മാരെ അടക്കം ഇരകളാക്കി 3000 കോടിയിലധികം രൂപ കൈക്കലാക്കിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാരെ കുരുക്കാൻ സി.ബി.ഐ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിട്ടു. തട്ടിപ്പുകാർക്ക് അക്കൗണ്ട് തുറക്കാൻ ബാങ്കുകളുടെ സഹായമുണ്ടോ എന്നതും അന്വേഷിക്കണം. ഇതിന് സി.ബി.ഐയ്ക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകി. രാജ്യാന്തര വേരുകളുള്ളതിനാൽ ഇന്റർപോളിന്റെ സഹായവും തേടാം.

കേസിൽ സഹായിക്കാൻ റിസർവ് ബാങ്കിനെ കക്ഷിചേർത്തു. ദുരൂഹതയുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാൻ എ.ഐ വിദ്യ ഉപയോഗിക്കാൻ കഴിയുമോയെന്ന് റിസർവ് ബാങ്ക് അറിയിക്കണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. അടിയന്തര ഇടപെടൽ ആവശ്യമുള്ള വിഷയമാണെന്നും വിലയിരുത്തി.

മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേരിലുള്ള വ്യാജ സുപ്രീംകോടതി ഉത്തരവുകാട്ടി ഹരിയാന അംബാലയിൽ 73കാരിയിൽ നിന്ന് ഒരു കോടി തട്ടിയെടുത്ത സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. 73കാരി സുപ്രീംകോടതിക്ക് കത്തെഴുതിയിരുന്നു.

നിക്ഷേപത്തട്ടിപ്പ്, പാ‌ർട്ട്ടൈം ജോലിത്തട്ടിപ്പ് അന്വേഷണവും പരിഗണിച്ചെങ്കിലും ഡിജിറ്റൽ അറസ്റ്റ് ആദ്യം അന്വേഷിക്കട്ടെ എന്ന് കോടതി നിലപാടെടുത്തു. അടുത്ത ഘട്ടത്തിൽ മറ്റുള്ളവ പരിഗണിക്കുമെന്നും വ്യക്തമാക്കി.

അനുമതി നൽകണം

പശ്ചിമബംഗാൾ, പഞ്ചാബ്, തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങൾ സി.ബി.ഐ അന്വേഷണത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഡിജിറ്റൽ അറസ്റ്റ് അന്വേഷണത്തിന് ഇവർ അനുമതി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ഏജൻസികൾ

സഹകരിക്കണം

1. ഐ.ടി ചട്ടപ്രകാരം രൂപീകരിച്ചിട്ടുള്ള ഏജൻസികൾ അന്വേഷണത്തിൽ സി.ബി.ഐയുമായി സഹകരിക്കണം

2. സിം കാർഡ് ദുരുപയോഗം തടയാനുള്ള നടപടികളെക്കുറിച്ച് ടെലികോം വകുപ്പ് അറിയിക്കണം

3. സംസ്ഥാനങ്ങൾ സൈബർ ക്രൈം സെന്ററുകൾ അതിവേഗം സ്ഥാപിക്കണം. തടസമുണ്ടെങ്കിൽ കോടതിയെ അറിയിക്കണം