കൊടുമണ്ണി​ൽ കൊമ്പൻമാരുടെ പോരാട്ടം

Tuesday 02 December 2025 12:18 AM IST
എ എൻ സലീം

കൊടുമൺ : ജില്ലാ പഞ്ചായത്ത് കൊടുമൺ ഡിവിഷനിൽ മൂന്ന് മുന്നണി​കളും പ്രമുഖരെയാണ് ഗോദയി​ൽ ഇറക്കി​യി​രി​ക്കുന്നത്. എൽ.ഡി.എഫിന് വേണ്ടി സി.പി.എം ജില്ലാ കമ്മിറ്റിയംഗം എ.എൻ. സലീമും യു ഡി എഫിന് വേണ്ടി ഡി സി സി എക്സിക്യൂട്ടീവംഗം ബി.പ്രസാദ് കുമാറും എൻ ഡി എയ്ക്കായി​ ബി ജെ പി ജില്ലാ സെക്രട്ടറിയും മുൻ യുവമോർച്ച ജില്ല അദ്ധ്യക്ഷനുമായ നിതിൻ എസ്. ശിവയുമാണ് മത്സരിപ്പിക്കുന്നത്. കൊടുമൺ ഗ്രാമപഞ്ചായത്തിലെ 19 വാർഡുകൾക്കൊപ്പം ഏഴംകുളം പഞ്ചായത്തിലെ ഏഴ് വാർഡുകൾ, കലഞ്ഞൂർ പഞ്ചായത്തിലെ അഞ്ച് വാർഡുകൾ, വള്ളിക്കോട് പഞ്ചായത്തിലെ എട്ടു വാർഡുകൾ, പന്തളം തെക്കേക്കര പഞ്ചായത്തിലെ ആറ് വാർഡുകൾ എന്നീ പ്രദേശങ്ങൾ ചേർന്നതാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ. തുടർച്ചയായി ഇടതുമുന്നണിയാണ് ഈ ഡിവിഷനിൽ വിജയിക്കുന്നത്. ഒരിക്കൽ മാത്രം യു.ഡി.എഫ് വിജയിച്ചിരുന്നു. കൊടുമൺ റൈസ് എന്ന ബ്രാൻഡിനു പിന്നിൽ പ്രവർത്തിച്ച നേതൃമികവിനും സി പി എം സംഘടനരംഗത്തെ താഴെ തട്ടിലുള്ള പ്രവർത്തന മികവും എ.എൻ.സലീമിനു അനുകൂലമായി ഇടതു കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു.നിഷ്പക്ഷ വോട്ടുകളിലും ക്രിസ്തീയ വോട്ടുകളുടെ ഏകീകരണവും ഇടതു ക്യാമ്പിലെ ചോർച്ചയും ഇക്കുറി മുതലാക്കാമെന്നു യു ഡി എഫ് കണക്കുകൂട്ടുന്നു. ബി ജെ പിയുടെ ജില്ലയിലെ ജനസമ്മതനായ യുവനേതാവിനെ എൻ ഡി എ രംഗത്ത് ഇറക്കുമ്പോൾ ത്രികോണ മത്സരപ്രതീതിയാണുള്ളത്. നിതിൻ ശിവയെ ജെൻസി തലമുറയടക്കം സ്വീകരിക്കുമെന്നാണ് എൻ ഡി എ ക്യാമ്പിന്റെ പ്രതീക്ഷ.

എ.എൻ.സലീം (എൽ.ഡി.എഫ് )

കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും വെെസ് പ്രസിഡന്റായും പ്രവർത്തിച്ചു. കൊടുമൺ ഇ എം എസ് സ്പോർട്സ് അക്കാദമി ചെയർമാനാണ്. കൊടുമൺ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ചെയർമാനാണ്. 12 വർഷം സി​ പി​ എം കൊടുമൺ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: ലത

ബി.പ്രസാദ് കുമാർ (യു.ഡി.എഫ്)

കെ എസ്‌ യുവിലും യൂത്ത് കോൺഗ്രസിലും പ്രവർത്തിച്ച് പൊതുപ്രവർത്തനം ആരംഭിച്ചു. 2005ൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. 2010ൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായി .2020 ൽ വീണ്ടും ഗ്രാമപഞ്ചായത്തംഗമായി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമാണ്. കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമാണ് ഭാര്യ: രേഖ

നിതിൻ എസ്.ശിവ (എൻ.ഡി.എ)

യുവമോർച്ച കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ ട്രഷറർ , ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബി ജെ പി ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊടുമൺ 10-ാം വാർഡിൽ മത്സരിച്ചു. ഭാര്യ:മിനു എസ്.മോഹൻ