മസാല ബോണ്ട്: ഹർജി പുതിയ ബെഞ്ചിലേക്ക്
കൊച്ചി: കിഫ്ബിക്ക് വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന് ആരോപിക്കുന്ന ഹർജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് ഹർജി ഇന്നലെ എത്തിയെങ്കിലും നേരത്തെ മറ്റൊരു ബെഞ്ചിലേക്ക് വിട്ടത് കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി എം.ആർ. രഞ്ജിത് കാർത്തികേയൻ 2020ൽ ഫയൽ ചെയ്ത ഹർജിയാണിത്. വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിക്കുന്നതിന് സംസ്ഥാനങ്ങൾക്കുള്ള അധികാരം സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ ഇവിടെ വിഷയം വ്യത്യസ്തമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഇതടക്കം പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി നിലപാടെടുത്തു. ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് ഇ.ഡി നൽകിയ നോട്ടീസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർ കഴിഞ്ഞവർഷം നൽകിയ ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.