പൊതുമേഖലാ ബാങ്കുകൾ നാലായി ചുരുങ്ങും
വമ്പൻ ലയന നീക്കവുമായി കേന്ദ്ര സർക്കാർ
കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം നാലായി ചുരുക്കാൻ കേന്ദ്ര സർക്കാർ പുതിയ പദ്ധതി തയ്യാറാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ), പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കനറാ ബാങ്ക് എന്നിവയിലേക്ക് 2027നുള്ളിൽ മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. ആഗോള തലത്തിൽ മത്സരിക്കാവുന്ന തരത്തിൽ രാജ്യത്തെ ബാങ്കിംഗ് മേഖലയെ വളർത്താനാണ് ശ്രമം. നിലവിൽ 12 പൊതുമേഖല ബാങ്കുകളാണ് ഇന്ത്യയിലുള്ളത്. തുടക്കത്തിൽ ചെറിയ ബാങ്കുകളെ കരുത്തുള്ള ബാങ്കുകളിൽ ലയിപ്പിക്കും. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിന് അനുയോജ്യമായാണ് ബാങ്കുകളുടെ ലയനത്തിന് ധനമന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്.
ഇതനുസരിച്ച് ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്ട്ര എന്നിവയെ എസ്.ബി.ഐയിൽ ലയിപ്പിക്കും. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ ലയനത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല.
യൂണിയൻ ബാങ്കിനെ കനറയിൽ ലയിപ്പിക്കും
യൂണിയൻ ബാങ്കിനെ കനറാ ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ ഇന്ത്യൻ ബാങ്കിനെയും യൂക്കോ ബാങ്കിനെയും കൂടി ഇതിലേക്ക് ചേർക്കും. ഇതോടെ രാജ്യത്തെ വലിയ ബാങ്കുകളിൽ ഒന്നായി മാറാൻ കനറാ ബാങ്കിന് കഴിയും.
ബാങ്ക് ഒഫ് മഹാരാഷ്ട്ര ഓഹരികൾ വിൽക്കുന്നു
പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്ട്രയിലെ കേന്ദ്ര സർക്കാരിന്റെ ആറ് ശതമാനം ഓഹരികൾ പൊതുവിപണിയിൽ വിറ്റഴിക്കുന്നു. ഓഹരി ഒന്നിന് 54 രൂപ നിശ്ചയിച്ചാണ് വിൽപ്പന. സെപ്തംബർ 30ന് ബാങ്ക് ഒഫ് മഹാരാഷ്ട്രയിൽ കേന്ദ്ര സർക്കാരിന് 79.6 ശതമാനം ഓഹരികളാണുള്ളത്. റിസർവ് ബാങ്കിന്റെ നിബന്ധനകളനുസരിച്ച് ബാങ്കുകളിലെ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം കുറഞ്ഞത് 75 ശതമാനം വേണം.