മോക് ടെസ്റ്റും ജെ.ഇ.ഇ മെയിനും
ഹൈലൈറ്റ്
മോക്ക് ടെസ്റ്റുകൾ വിദ്യാർത്ഥികളുടെ മാനസിക അച്ചടക്കവും ആത്മവിശ്വാസവും വളർത്തുമെന്നതിൽ സംശയമില്ല.മാത്രമല്ല വിദ്യാർത്ഥിയുടെ പരീക്ഷാ സംബന്ധിയായ ശക്തിയും ബലഹീനതയും മനസിലാക്കാനും സഹായിക്കും.ജനുവരി 21 മുതൽ 30 വരെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ മെയിൻ) 2026 സെഷൻ 1 പരീക്ഷ.രാജ്യത്തെ വിവിധ എൻ.ഐ.ടികൾ,ഐ.ഐ.ഐ.ടികൾ,സി.എഫ്.ഐ.ടികളിലെ ബി.ഇ/ബി.ടെക്,ബി.ആർക്,ബി.പ്ലാനിംഗ് കോഴ്സ് പ്രവേശനം ജെ.ഇ.ഇ മെയിൻ റാങ്കിന്റെ അടിസ്ഥാനത്തിലാണ്.ഏകദേശം 65000 സീറ്റുകളിലേക്ക് 15 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.അതിനാൽ മികച്ച തയാറെടുപ്പുണ്ടെങ്കിലേ ഉയർന്ന റാങ്ക് നേടാനാകൂ.പഠനത്തിനൊപ്പം മികച്ച സ്കോർ കണ്ടെത്താനുള്ള കുറുക്കുവഴികളിൽ പ്രധാനപ്പെട്ടയൊന്നാണ് മോക് ടെസ്റ്റുകൾ.
വെറും മോക് അല്ല മോക് ടെസ്റ്റുകൾ
മോക്ക് ടെസ്റ്റുകൾ എഴുതും മുമ്പ് ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം ശരിയായ മോക്ക് ടെസ്റ്റുകൾ തിരഞ്ഞെടുക്കുക എന്നതാണ്.ഓൺലൈനിലോ ഓഫ്‌ലൈനിലോ ലഭ്യമായ എല്ലാ മോക്ക് ടെസ്റ്റുകളും ഒരുപോലെ ഉപയോഗപ്രദമല്ല.ഏത് മോക്ക് സീരീസാണ് അനുയോജ്യമെന്ന് തിരിച്ചറിയാൻ ഏറ്റവും പുതിയ ജെ.ഇ.ഇ മെയിൻ ഘടനയുമായി ടെസ്റ്റ് പാറ്റേൺ പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. ഡിഫിക്കൽറ്റി റേറ്റിംഗ്,ചോദ്യങ്ങളുടെ പാറ്റേൺ,മാർക്കിംഗ് സ്‌കീം തുടങ്ങിയവ പരിശോധിച്ചാൽ ഇത് വ്യക്തമാകും.എൻ.ടി.എ അഭ്യാസ് ആപ്പ്,മുൻ വർഷങ്ങളിലെ ജെ.ഇ.ഇ പേപ്പറുകൾ എന്നിവയിലെ മോക് ടെസ്റ്റുകൾ ഏറെക്കുറേ വിശ്വസനീയവും ഉപകാരപ്രദവുമാണ്.
എത്ര മോക് ടെസ്റ്റുകൾ
പരീക്ഷയ്ക്ക് ഒരു മാസം മുൻപ് വരെ ആഴ്ചയിൽ ഒന്നോ,രണ്ടോ മോക് ടെസ്റ്റ് പരിശീലനം മതിയാകും.തെറ്റു വന്ന ഭാഗങ്ങൾ വീണ്ടും നന്നായി പഠിക്കാൻ ഇത് സഹായിക്കും.പരീക്ഷ അടുത്തെത്തുന്നതോടെ ആഴ്ചയിൽ 4-5 മോക് ടെസ്റ്റുകൾ പരിശീലിക്കാം.3 മണിക്കൂറാണ് പരീക്ഷ.അച്ചടക്കത്തോടെയും ശാന്തതയോടെയും 3 മണിക്കൂർ കൃത്യമായി ഉപയോഗിക്കാൻ മോക് ടെസ്റ്റുകൾ സഹായിക്കും.പരീക്ഷാ ഹാളിലെ അതേ സ്ഥിതിയിൽ മോക് ടെസ്റ്റ് എഴുതാൻ ശ്രമിക്കണം.ഇത് ടൈം മാനേജ്മെന്റിനുംഉത്കണ്ഠ മറികടക്കാനും വിദ്യാർത്ഥിയെ സഹായിക്കും.