പ്രപ‍ഞ്ചത്തിലുണ്ട്,​ രഹ്നയുടെ സ്വന്തം 'രാജാവ്' നെബുല

Tuesday 02 December 2025 12:18 AM IST

രഹ്ന

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല (ഭീമൻ വാതകമേഘം). പേര് 'രാജാവ്". കണ്ടെത്തിയതും പേരിട്ടതും മലപ്പുറം ചുങ്കത്തറ തച്ചൻകോട് സ്വദേശിനി രഹ്ന പയ്യേരിയെന്ന യുവ ശാസ്ത്രജ്ഞ! സ്പെയിനിലെ പ്രമുഖ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രമായ സെഫ്കയിൽ (cefca) പോസ്റ്റ് ഡോക്ടർ ഫെലോയാണ്. രഹ്നയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ആദ്യകാല നെബുലകളിൽ ഒന്നിനെ കണ്ടെത്തിയത്. ഈ പഠനം അസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്സ് ലെറ്റേഴ്സിൽ ഒക്ടോബർ 20ന് പ്രസിദ്ധീകരിച്ചു.

പുതുതായി കണ്ടെത്തിയ നെബുലയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് അസാധാരണ തിളക്കവും വലിയ വ്യാപ്തിയും ഉള്ളതിനാൽ ഇംഗ്ലീഷിൽ കിംഗ് എന്നിടാനായിരുന്നു ആലോചന. ഒരു മലയാളിയാണ് കണ്ടെത്തലിന് പിന്നിൽ എന്നതിനാൽ രാജാവ് എന്ന പേരിലേക്ക് എത്തി.

ഭൂമിയിൽ നിന്ന് 1,​100 കോടി പ്രകാശവർഷം അകലെ, പ്രപഞ്ചത്തിന് വെറും 2.8 ബില്യൺ വർഷം മാത്രം പ്രായമുള്ളപ്പോൾ നിലനിന്നിരുന്ന നെബുലയിൽ നിന്നുള്ള പ്രകാശ കിരണങ്ങളെ സ്പെയിനിലെ ജവാലമ്പ്ര ആസ്‌ട്രോഫിസിക്കൽ ഒബ്സർവേറ്ററിയിലെ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ വിശകലനം ചെയ്താണ് രാജാവ് നെബുലയെ രഹ്ന കണ്ടെത്തിയത്. പഠനത്തിൽ നെബുലയ്ക്ക് രണ്ട് ക്വാസറ്റുമായുള്ള ബന്ധം തെളിയിക്കാൻ സാധിച്ചു. വിദൂര ഗ്യാലക്സികളുടെ തിളക്കമുള്ള കേന്ദ്രഭാഗങ്ങളാണ് ക്വാസറ്റുകൾ. അതിശക്തമായ തമോഗർത്തങ്ങളാണ് ഇവയ്ക്ക് ഊർജ്ജം നൽകുന്നത്. ഇവയിൽ വളരെ മങ്ങലേറിയ ക്വാസർ രഹനയുടെ പുതിയ കണ്ടെത്തലാണ്.

വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ഇനോർമസ് ലൈമാൻ- ആൽഫ നെബുല വിഭാഗത്തിലാണ് രാജാവ് ഉൾപ്പെടുന്നത്. പ്രപഞ്ചത്തിലെ ആദ്യകാല ഗ്യാലക്സികൾക്ക് ചുറ്റും കാണപ്പെടുന്ന ഭീമാകാരമായ ഹൈഡ്രജൻ വാതക മേഘങ്ങളാണ് ലൈമാൻ- ആൽഫ നെബുലകൾ. ഏകദേശം 4.13 ലക്ഷം പ്രകാശവർഷം വിസ്തൃതിയുണ്ടാവും. പ്രപഞ്ചത്തിന്റെ ആദ്യകാലങ്ങളിൽ ഗ്യാലക്സികൾ അവയുടെ ചുറ്റുപാടുമായി എങ്ങനെ ഇടപഴകിയിരുന്നു എന്നതിലേക്ക് രാജാവിന്റെ കണ്ടെത്തൽ വെളിച്ചം വീശും.

രഹ്ന രണ്ടുവർഷമായി സ്‌പെയിനിലെ സെഫ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ടിക്കുന്നുണ്ട്. സ്‌പെയിൻ- ബ്രസീൽ-ചൈന എന്നീ രാജ്യങ്ങൾ സംയുക്തമായുള്ള ജെ- പാസ് എന്ന സർവേ പ്രൊജക്ടിലെ 339 ശാസ്ത്രജ്ഞരിൽ രഹ്ന മാത്രമാണ് ഏക ഇന്ത്യൻ. നക്ഷത്രങ്ങൾ എങ്ങനെ രൂപപ്പെടുന്നു, എങ്ങനെ വളരുന്നു, വ്യത്യസ്ത ഭാഗങ്ങളിൽ നക്ഷത്ര നിർമ്മിതി എത്ര ശക്തമായി നടക്കുന്നു തുടങ്ങി പ്രപഞ്ചോത്പ്പത്തിയും വികാസവുമായി ബന്ധപ്പെട്ട വിശദമായ പഠനത്തിലാണ് രഹനയുൾപ്പെടുന്ന ശാസ്ത്രസംഘം.

രഹനയെന്ന മിടുമിടുക്കി

നന്നേ ചെറുപ്പത്തിലെ ആകാശക്കാഴ്ചകൾ രഹ്നയിൽ ചോദ്യങ്ങളും ആകാംശയും നിറച്ചിരുന്നു. ഫിസിക്സും കണക്കും ആയിരുന്നു ഇഷ്ടവിഷയം. വായനകൾ പ്രപഞ്ച കാഴ്ചകളുടെ വേരറിയാൻ മോഹിപ്പിച്ചു. ഇതോടെ ചുങ്കത്തറ മാർത്തോമ കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദമെടുത്തു. പഠനസമയത്ത് അസ്‌ട്രോണമിയുമായി ബന്ധപ്പെട്ട സെമിനാറുകളിൽ പങ്കെടുത്തതോടെ മുന്നോട്ടുള്ള വഴി ഇതുതന്നെയെന്ന് ഉറപ്പിച്ചു. എം.ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ അസ്ട്രോണമി സ്പെഷലൈസ്ഡ് ചെയ്തു ബിരുദാനന്തര ബിരുദമെടുത്തു.

ജെ.ആർ.എഫോടെ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്‌ട്രോഫിസിക്സ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ സംയോജിത ഗവേഷണത്തിൽ പി.എച്ച്ഡി കരസ്ഥമാക്കി. തുടർന്ന് ചൈനയിലെ ഷാങ്ഹായ് ആസ്‌ട്രോണമിക്കൽ ഒബ്സർവേറ്ററിയിൽ പോസ്റ്റ് ഡോക്ടർ ഫെലോയായി പ്രവർത്തിച്ചു. ചൈനയിൽ പഠിക്കുമ്പോൾ ബെസ്റ്റ് പോസ്റ്റ് ഡോക്ടർ ഫെലോഷിപ്പ് അവാർഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ ചൈനീസ് അക്കാഡമി ഒഫ് സയൻസിന്റെ പ്രസിഡൻഷ്യൽ ഇന്റർനാഷണൽ ഫെലോഷിപ്പ് ഇനിഷ്യേറ്റീവും ലഭിച്ചു. പേരുകേട്ട ഫെലോഷിപ്പാണിത്.

30 ഇന്റർനാഷണൽ പബ്ലിക്കേഷനുകളും 39ഓളം ശാസ്ത്ര പ്രബന്ധ പ്രഭാഷണങ്ങളും ലോകത്തിന്റെ വിവിധഭാഗങ്ങളിലെ 60ഓളം കോൺഫറൻസുകളിലും പങ്കെടുത്ത് രഹ്ന മികവ് തെളിയിച്ചിട്ടുണ്ട്. പ്രവാസിയായിരുന്ന പി.ടി.ഉസ്മാന്റെയും വീട്ടമ്മയായ കെ.പി.റംലത്തിന്റെയും മകളാണ്. സഹോദരിമാർ റംസീന, റിഫ്ന, റിൻഷ.