അത്യുന്നതങ്ങളിൽ ഡുപ്ളാന്റിസിന് സ്തുതി, ഒറ്റലാപ്പിൽ ഒതുങ്ങാതെ മക്‌ലോഗ്ളിൻ
ഡുപ്ളാന്റിസും മക്‌ലോഗ്ളിനും
അത്‌ലറ്റ്സ് ഒഫ് ദ ഇയർ
മൊണാക്കോ : ഈ വർഷത്തെ ഏറ്റവും മികച്ച അത്‌ലറ്റായി സ്വീഡിഷ് പോൾവാട്ടർ അർമാൻഡ് ഡുപ്ളാന്റിസിനെയും സിഡ്നി മക്ഗ്ളോഗിനെയും വേൾഡ് അത്‌ലറ്റിക്സ് തിരഞ്ഞെടുത്തു.മൊണാക്കോയിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്.
പോൾവാട്ടിൽ ഈ വർഷം മാത്രം നാലുതവണ സ്വന്തം ലോക റെക്കാഡ് തിരുത്തിക്കുറിച്ച താരമാണ് ഡുപ്ളാന്റിസ്. ഈ സെപ്തംബറിൽ ടോക്യോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 6.30 മീറ്റർ ചാടി സ്വർണം നേടിയിരുന്നു. 26കാരനായ ഡുപ്ളാന്റിസിന്റെ തുടർച്ചയായ മൂന്നാമത്തെ ലോക ചാമ്പ്യൻഷിപ്പ് സ്വർണമായിരുന്നു ഇത്. ഈ സീസണിലെ താരത്തിന്റെ തുടർച്ചയായ 16-ാമത് സ്വർണമായിരുന്നു ഇത്. തുടർച്ചയായ രണ്ട് വർഷം ഒരു മത്സരത്തിലും സ്വർണം നഷ്ടപ്പെടാത്ത ആദ്യ പുരുഷ പോൾവാട്ട് താരവും ഡുപ്ളാന്റിസാണ്. മികച്ച ഫീൽഡ് അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടതും ഡുപ്ളാന്റിസാണ്.
400 മീറ്റർ ഹഡിൽസിലും 4-400 മീറ്റർ റിലേകളിലും കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും സ്വർണം നേടിയിരുന്ന താരമാണ് അമേരിക്കക്കാരിയായ സിഡ്നി മക്‌ലോഗ്ളിൻ. ഈ സീസണിൽ ഹഡിൽസ് വിട്ട് 400 മീറ്ററിലേക്ക് മാറി ടോക്യോ ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.47.78 സെക്കൻഡിൽ ഓടിയെത്തിയ മക്‌ലോഗ്ളിൻ ടോക്യോയിൽ ചാമ്പ്യൻഷിപ്പ് റെക്കാഡിനും ഉടമയായി. 400 മീറ്ററിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമായിരുന്നു മക്‌ലോഗ്ളിന്റേത്.