സീനിയേഴ്സ് സീരിയസാണ് !
കോച്ച് ഗംഭീറുമായി സ്വരച്ചേർച്ചയില്ലാതെ സീനിയർ താരങ്ങളായ രോഹിതും വിരാടും
ടീമിന്റെ പ്രകടനം വിലയിരുത്താൻ ഗംഭീറിനെയും അഗാർക്കറിനെയും ചർച്ചയ്ക്ക് വിളിച്ച് ബി.സി.സി.ഐ
റായ്പുർ : സമീപകാല പ്രകടനങ്ങൾ വിലയിരുത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിനെയും ചർച്ചയ്ക്ക് വിളിച്ചതായി റിപ്പോർട്ടുകൾ.നാളെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനം നടക്കുന്ന റായ്പൂരിൽ രാവിലെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയുമായി നടന്ന രണ്ട് ടെസ്റ്റുകളിലും ദാരുണമായി തോറ്റതിന്റെ പശ്ചാത്തലത്തിലാണ് കോച്ചിനെയും സെലക്ടറെയും വിളിപ്പിച്ചത്. സീനിയർ താരങ്ങളായ വിരാട് കൊഹ്‌ലിയുടേയും രോഹിത് ശർമ്മയുടേയും ഭാവിയേയും കുറിച്ച് ചർച്ചകൾ നടക്കുമെന്ന് സൂചനയുണ്ട്. സീനിയർ താരങ്ങളുമായി ഗംഭീറിനും അഗാർക്കറിനും ആശയഐക്യമില്ലെന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് യോഗമെന്നതും ശ്രദ്ധേയമാണ്.
ഫോം തെളിയിച്ച്
രോ-കോ സഖ്യം
ഇംഗ്ളണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യൻ കുപ്പായമണിയുന്നത്. രോഹിതിൽ നിന്ന് ഏകദിന ക്യാപ്ടൻസിയും മാറ്റിയിട്ടുണ്ട്. 2027 ഏകദിന ലോകകപ്പിൽ കളിക്കാൻ ഇരുവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ഫോം കണ്ടെത്തിയില്ലെങ്കിൽ നിലനിൽപ്പ് ബുദ്ധിമുട്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ റാഞ്ചിയിലെ ആദ്യ മത്സരത്തിൽ വിരാട് സെഞ്ച്വറിയും രോഹത് അർദ്ധസെഞ്ച്വറിയും നേടി തങ്ങൾക്ക് നേരേ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയിരുന്നു.
സീനിയർ താരങ്ങളും കോച്ച് ഗംഭീറും തമ്മിൽ അത്ര രസത്തിലല്ല എന്നാണ് ടീം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വൃത്താന്തം. റാഞ്ചിയിൽ വിജയശേഷം വിരാട് കോച്ചിനെ മൈൻഡ് ചെയ്യാതെ ഡ്രെസിംഗ് റൂമിലേക്ക് പോയതും രോഹിതും ഗംഭീറും തമ്മിൽ ചൂടേറിയ വാഗ്വാദം നടന്നതും അഭ്യൂഹങ്ങൾ പരത്തുന്നുണ്ട്.
തിരികെ വിരാട്
വരുമോ ടെസ്റ്റിലേക്ക്
അതിനിടെ വിരാട് കൊഹ്‌ലിയോട് ടെസ്റ്റിലെ വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്താൻ ബി.സി.സി.ഐ നിർദേശിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസം ബി.സി.സി.ഐ സെക്രട്ടറി ദേവ്‌ജിത്ത് സൈക്കിയയും വിരാട് കൊഹ്‌ലിയും ഈ വാർത്തകൾ നിഷേധിച്ചെങ്കിലും വിരാട് ടെസ്റ്റിൽ നിന്ന് വിരമിക്കേണ്ട സമയമായിരുന്നില്ലെന്ന ആരാധകരുടെ ചിന്തയ്ക്ക് ചൂടുപകരുന്നതായി ഇത്. ടെസ്റ്റ് ടീമിൽ തലമുറ മാറ്റം വേണമെന്ന ഗംഭീറിന്റേയും അഗാർക്കറുടേയും കടുത്ത നിലപാടിന്റെ ഇരകളാണ് രോഹിതും വിരാടുമെന്ന് ആരാധകർ കരുതുന്നു.
സീനിയർ താരങ്ങൾ വിരമിച്ചശേഷം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രണ്ട് ടെസ്റ്റുകൾ സ്വന്തം നാട്ടിൽ തോറ്റതാണ് ഗംഭീറിന്റെ നില പരുങ്ങലിലാക്കുന്നു. സെലക്ഷൻ കാര്യങ്ങളിൽ മുഹമ്മദ് ഷമി പരസ്യമായി എതിരഭിപ്രായം പ്രകടിപ്പിച്ചതും കരുൺ നായർ, അഭിമന്യു മിഥുൻ, സർഫ്രാസ് ഖാൻ തുടങ്ങിയവരെ ടീമിനായി പ്രയോജനപ്പെടുത്താൻ കഴിയാത്തതും വിവാദമായിട്ടുണ്ട്. ഇതെല്ലാം നാളത്തെ യോഗത്തിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്.