റോഡിലെ കുഴിയിൽ വീണ് സ്ഥാനാർത്ഥിക്ക് പരിക്ക്
Tuesday 02 December 2025 12:41 AM IST
കൊട്ടാരക്കര: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡിലെ കുഴിയിൽ വീണ് ബി.ജെ.പി സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. ഉമ്മന്നൂർ പഞ്ചായത്ത് പൊലിക്കോട് ഒൻപതാം വാർഡിലെ സ്ഥാനാർത്ഥിയായ ശ്രീജി ബൈജുവാണ് സാരമായി പരിക്കേറ്റത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി വാളകം ഏരിയാ പ്രസിഡന്റാണ് ശ്രീജി ബൈജു. പ്രവർത്തകരുമൊത്ത് പ്രചാരണത്തിനിറങ്ങവേയാണ് കാൽവഴുതി റോഡിലെ കുഴിയിൽ വീണത്. മൂക്കിലും തോളിനും പരിക്കേറ്റ
ശ്രീജി ബൈജുവിനെ പിന്നീട് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഒരാഴ്ചത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി ആശുപത്രിയിലാണെങ്കിലം പ്രവർത്തകർ ശ്രീജി ബൈജുവിനു വേണ്ടി വീടുകൾ കയറി പ്രചാരണം തുടരുകയാണ്.