എസ്.ഐ.ആർ ഫോം വിതരണം ജില്ലയിൽ 99 %
കൊല്ലം: സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്യൂമറേഷൻ ഫോമുകളുടെ വിതരണം ജില്ലയിൽ 99 ശതമാനം പിന്നിട്ടു.
വോട്ടർമാരുടെ വിവരങ്ങൾ എസ്.ഐ.ആർ ആപ്പിൽ ഉൾപ്പെടുത്തുന്ന ഡിജിറ്റലൈസേഷൻ 85 ശതമാനം പൂർത്തിയായി.
2121740 എന്യൂമറേഷൻ ഫോമുകൾ ജില്ലയിൽ വിതരണം ചെയ്തു. 1833921 ഫോമുകൾ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്തു. ആകെ 2144527 വോട്ടർമാരാണുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ വിജ്ഞാപനപ്രകാരം ഈമാസം 11 വരെ എന്യൂമറേഷൻ കാലയളവായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് എന്യുമറേഷൻ ഫോമുകളുടെ ശേഖരണം, ഡിജിറ്റൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷൻ വില്ലേജ് തലങ്ങളിൽ ഈമാസം ഏഴ് വരെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.
വോട്ടർമാർ സഹകരിക്കണം അവസാന എസ്.ഐ.ആർ (2002 വോട്ടർ പട്ടിക) പ്രകാരം വോട്ടർമാരുടെ പ്രോജനി മാപ്പിംഗ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ബൂത്ത് ലെവൽ ഓഫീസർ ആവശ്യപ്പെടുന്ന വിവരങ്ങൾ എല്ലാ വോട്ടർമാരും നൽകണം. ഈമാസം 16 മുതൽ അടുത്തവർഷം ജനുവരി 15 വരെ ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സമർപ്പിക്കാം.
അവസാന എസ്.ഐ.ആർ (2002 വോട്ടർ പട്ടിക) പ്രകാരം മാപ്പ് ചെയ്യാൻ സാധിക്കാത്ത വോട്ടർമാർക്ക് നോട്ടീസ് നൽകി ഹിയറിംഗ് നടത്തി വോട്ടർ എന്ന നിലയിലുള്ള സൂചക രേഖകൾ പരിശോധിച്ച് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തീർപ്പ് കൽപ്പിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരാതികളും പരിശോധിച്ച് 2026 ഫെബ്രുവരി 14ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.