മോചനത്തി​നായി​ വി​ഷാദ രോഗി​കൾ

Tuesday 02 December 2025 12:44 AM IST
വിഷാദം

ജി​ല്ലയി​ൽ

ഈ വർഷം

ചി​കി​ത്സ തേടി​യത്

135 പേർ

കൊല്ലം: ജില്ലയിൽ ഈ വർഷം കഴിഞ്ഞ ഒക്ടോബർ വരെ വി​ഷാദ രോഗത്തി​ന് ചി​കി​ത്സ തേടി​യത് 135 പേർ. മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മാനസികാരോഗ്യ ക്ലിനിക്കുകളിൽ എത്തി​യവരുടെ കണക്കാണി​ത്. മറ്റ് സർക്കാർ -സ്വകാര്യ ആശുപത്രിയിൽ എത്തിയവർ വേറെ.

പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പടെ വിഷാദത്തിന്റെ ലക്ഷണങ്ങളുമായി എത്തുന്നവരെ കൗൺ​സലിംഗി​നും മരുന്നി​നുമായി​ മാനസികാരോഗ്യ ക്ലിനിക്കുകളിലേക്ക് മാറ്റും. ആത്മഹത്യാ ശ്രമം നടത്തുന്നവരുടെ ഫോളോഅപ്പും മാനസികാരോഗ്യ ക്ലിനിക്കുകളിൽ നടത്താറുണ്ട്. ട്രെയിനിംഗ് ലഭിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എം.എൽ.എസ്.പി എന്നിവർ വഴി വിഷാദരോഗികളെ തിരിച്ചറിയും. ആശാവർക്കർമാരി​ലൂടെയും കണ്ടെത്താറുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസർമാർ വഴിയും കണ്ടെത്തുന്നു.കടയ്ക്കൽ, നെടുങ്ങോലം, കുണ്ടറ, നീണ്ടകര, ശാസ്താംകോട്ട താലൂക്ക് ആശുപത്രികൾ, നിലമേൽ, മയ്യനാട്, തൃക്കടവൂ‌ർ, ശൂരനാട്, മൈനാഗപ്പള്ളി, പത്തനാപുരം, നെടുമൺകാവ്, നെടുമ്പന, കുളക്കട, അഞ്ചൽ, കുളത്തൂപ്പുഴ, ചവറ, വള്ളിക്കാവ് പകൽവീട്, വെളിനല്ലൂർ പകൽവീട്, ഓച്ചിറ സി.എച്ച്.സി, കുന്നത്തൂർ എഫ്.എച്ച്.സി, വെസ്റ്റ് കല്ലട, പാരിപ്പള്ളി പി.എച്ച്.സികൾ എന്നി​വി​ടങ്ങളി​ലാണ് മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.

കുട്ടികളും രോഗി​കളാവാം

ചെറിയ കുട്ടിയായിരിക്കുമ്പോഴോ കൗമാരപ്രായത്തിലോ വിഷാദ രോഗം ആരംഭിക്കാം. വിഷമകരമായ സാഹചര്യങ്ങൾ ഇവയ്ക്ക് ആക്കം കൂട്ടും. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. അവഗണിക്കുന്നതും ചികിത്സ തേടാൻ മടിക്കുന്നതും രോഗം സങ്കീർണമാക്കും.

ലക്ഷണങ്ങൾ

 ഉറക്കക്കുറവ് അതിയായ നിരാശ  അകാരണമായ ക്ഷീണം (ഊർജ്ജസ്വലത ഇല്ലായ്മ)  സ്വയം മതിപ്പില്ലായ്മ  ജീവിക്കുന്നതിൽ അർത്ഥമില്ല എന്ന തോന്നൽ  വിഷാദ ഭാവം  ഉന്മേഷവും ഉത്സാഹവും ഇല്ലായ്മ

വേണം ജാഗ്രത

 6- 8 മണിക്കൂർ ഉറക്കം  കൃത്യസമയത്ത് ഭക്ഷണം  ദിവസവും വ്യായാമം  ലളിതമായ ശ്വസന വ്യായാമം  അനാവശ്യ ചിന്തകൾ ഒഴിവാക്കുക  നല്ല ബന്ധങ്ങൾ സ്ഥാപിക്കുക  വിശ്വസ്തരോട് പ്രശ്നങ്ങൾ തുറന്ന് പറയുക  വിനോദങ്ങളിൽ ഏർപ്പെടുക  യാത്രകൾ  വ്യക്തിത്വ പ്രശ്നങ്ങളും ഈഗോയും സ്വയം തിരിച്ചറിഞ്ഞ് മാറ്റം വരുത്തുക  മാനസികാരോഗ്യ പ്രവർത്തകരുടെ സഹായം തേടുക

'ടെലി മനസ്'

ടെലി കൗൺസലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 'ടെലി മനസ്' സംവിധാനമുണ്ട്.

ടോൾ ഫ്രീ നമ്പർ: 14416