ബൈക്ക് അപകടം: മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി
കൊല്ലം: കാവനാട് മുക്കാട് പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി നടന്ന ബൈക്ക് അപകടത്തിൽ മരിച്ച പശ്ചിമ ബംഗാൾ സ്വദേശി ഗോവിന്ദ ദാസിന്റെ (42) മൃതദേഹം മകൻ മൊറോട്ടം ദാസെത്തി ഏറ്റുവാങ്ങി. ഇൻക്വസ്റ്റ് പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ വിട്ടുനൽകിയ മൃതദേഹം വിമാനമാർഗം സ്വദേശത്തേക്ക് കൊണ്ടുപോയി. അപകടത്തിൽ സാരമായി പരിക്കേറ്റ ഗോബിന്ദദാസിന്റെ ഇളയ മകൻ ജതൻ ദാസ് (14) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 7.45ഓടെ കാവനാട് മുക്കാട് ബൈപ്പാസിൽ നിന്ന് പള്ളിയിലേക്ക് പോകുന്ന റോഡിലായിരുന്നു അപകടം. മുക്കാട് പള്ളിഭാഗത്ത് നിന്ന് കാവനാട് ബൈപ്പാസിലേക്ക് ബൈക്കിൽ വരികയായിരുന്നു അനൂപ്. നിയന്ത്രണം വിട്ട ബൈക്ക് വഴിയിലുണ്ടായിരുന്ന ബൈക്കിലും കാറിലുമിടിച്ചശേഷം നടന്നുവരികയായിരുന്ന ഗോബിന്ദദാസിനെയും ജതനെയും ഇടിക്കുകയായിരുന്നു. പിന്നീട് പോസ്റ്റിലിടിച്ചാണ് ബൈക്ക് നിന്നത്. പോസ്റ്റിൽ തലയിടിച്ചാണ് അനൂപിന് സാരമായി പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ അനൂപിനെയും ഗോബിന്ദദാസിനെയും സമീപത്തുണ്ടായിരുന്നവർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാളിച്ചേഴത്ത് പരേതനായ അയ്യപ്പന്റെ മകൻ അനൂപിന്റെ (35) മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.