സൂരജ് ലാമയ്‌ക്ക് സംഭവിച്ചത് എന്തെന്നറിയണം: ഹൈക്കോടതി
കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട ബംഗളൂരു സ്വദേശി സൂരജ് ലാമയെ (59) ആരാണ് കളമശേരി ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചതെന്നും അവിടെ എന്ത് സംഭവിച്ചെന്നും അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്. കളമശേരി എച്ച്.എം.ടിക്ക് സമീപം കുറ്റിക്കാട്ടിൽ ഞായറാഴ്ച രാവിലെ ജീർണിച്ച നിലയിൽ കണ്ടെത്തിയത് ലാമയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ സാന്റോൺ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നിർദ്ദേശം.
മൃതദേഹം സൂരജ് ലാമയുടേതാകാതിരിക്കട്ടേയെന്ന് കോടതി പറഞ്ഞു. വിമാനമിറങ്ങിയ ശേഷം അലഞ്ഞുനടന്നിരുന്ന ലാമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടും സുരക്ഷ ഉറപ്പാക്കാനാകാത്തതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡിയെന്നാൽ സുരക്ഷയെന്നും അർത്ഥമുണ്ടെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി.
പൊലീസ് ആശുപത്രിയിലെത്തിച്ച ലാമയ്‌ക്ക് എന്തു പറ്റി, എങ്ങനെയാണ് ഡിസ്ചാർജ് ചെയ്തത് എന്നിവയടക്കം മെഡിക്കൽ കോളേജ് സൂപ്രണ്ട് കോടതിയെ അറിയിക്കണം. വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ജുഡിഷ്യൽ സിറ്റിക്കായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നഗരത്തിലെ നിരീക്ഷണ സംവിധാനം എത്രത്തോളമുണ്ടെന്ന് കോടതി ചോദിച്ചു. ഒരു കുറ്റിക്കാട്ടിലാണ് ആഴ്ചകൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ആരെയെങ്കിലും കൊന്ന് കൊണ്ടുവന്നിട്ടാൽ പൊലീസ് എങ്ങനെ അറിയും? കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളിലടക്കം നിരീക്ഷണം കാര്യക്ഷമമാക്കണം.
തുടരുന്ന ദുരൂഹത
സൂരജ് ലാമയ്‌ക്ക് കുവൈറ്റിൽ ബിസിനസായിരുന്നു. അവിടെ വിഷമദ്യ ദുരന്തത്തിൽ ഓർമ്മ നഷ്ടപ്പെട്ടതായി പറയുന്നു. തുടർന്നാണ് നാടുകടത്തിയത്. ഒക്ടോബർ അഞ്ചിന് പുലർച്ചെ നെടുമ്പാശേരിയിൽ വിമാനമിറങ്ങി. ഏതാനും ദിവസം അലഞ്ഞുനടന്നു. തൃക്കാക്കര പൊലീസാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. എന്നാൽ പൊലീസിനെ അറിയിക്കാതെ ഡിസ്ചാർജ് ചെയ്ത ലാമയെ കാണാതായി. മകൻ നൽകിയ ഹർജിയിൽ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.