കടൽപ്പോരിന്റെ കരുത്ത് കാട്ടാൻ നാവികസേന

Tuesday 02 December 2025 2:12 AM IST

തിരുവനന്തപുരം : നാളെ നടക്കുന്ന നാവികസേനാ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ ശംഖുമുഖത്ത് പൂർത്തിയായി.പോർ വിമാനങ്ങളും യുദ്ധക്കപ്പലുകളും കരുത്ത് അറിയിക്കുന്ന അഭ്യാസ പ്രകടനങ്ങൾ കാഴ്ചവയ്ക്കും. മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കുന്നതിനാൽ കരയും കടലും സുരക്ഷാ വലയത്തിലായി. ശംഖുമുഖം ബീച്ചിൽ ഇന്നലെ നടന്ന ഫുൾ ഡ്രസ് റിഹേഴ്സൽ നാവിക സേനയുടെ കരുത്ത് വിളംബരം ചെയ്യുന്നതായി.

നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ്.കെ.ത്രിപാഠിയുടെ മേൽനോട്ടത്തിൽ പോർവിമാനങ്ങളും കപ്പലുകളും അഭ്യാസ പ്രകടനങ്ങൾ നടത്തി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന ചെണ്ടമേളം, മോഹിനിയാട്ടം, കളരിപ്പയറ്റ്, ഭൂതത്തിറ, പടയണി, മയൂരനൃത്തം കഥകളി, തെയ്യം തുടങ്ങിയ കലാപരിപാടികളോടെയായിരുന്നു തുടക്കം. സേനയുടെ മ്യൂസിക്കൽ ബാൻഡ് സംഗീത വിരുന്നൊരുക്കി.

പിന്നാലെ ഐ.എൻ.എസ് ഇംഫാൽ, ഐ.എൻ.എസ് ഉദയഗിരി, ഐ.എൻ.എസ് കൊൽക്കത്ത, ഐ.എൻ.എസ് കമാൽ, പായ്ക്കപ്പലുകളായ തരംഗിണിയും സുദർശിനിയും മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ചേർന്ന് തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കി. വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്തിൽനിന്നുള്ള മിഗ് 29 വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽനിന്നുള്ള എയർ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങൾ സേനയുടെ ഉൾക്കരുത്തിന്റെ മികവായി.

സീ കേഡറ്റ് അവതരിപ്പിച്ച ഹോൺ ആൻഡ് പൈപ് ഡാൻസ് പരിപാടിയെ വ്യത്യസ്തമാക്കി. എല്ലാ യുദ്ധക്കപ്പലുകളും തീരക്കടലിൽ ദീപാലങ്കൃതമായി അണിനിരന്നതോടെ റിഹേഴ്സലിന് സമാപനമായി.

നാളെ വൈകിട്ട്

ആകാശ വിസ്മയം

നാളെ വൈകിട്ട് 4.30ഓടെയാകും അഭ്യാസപ്രകടനങ്ങൾക്ക് തുടക്കമാകുക. രാഷ്ട്രപതിയ്ക്ക് എം.എച്ച്.-60ആർ ഹെലികോപ്റ്റർ സല്യൂട്ട് നൽകും. വിമാന വാഹിനി കപ്പലിൽ നിന്ന് മിഗ് 29കെ ജെറ്റുകൾ പറന്നുയരുന്നതും തിരിച്ചിറങ്ങുന്നതും, വിമാനങ്ങൾ നടത്തുന്ന പോരാട്ട അഭ്യാസങ്ങളും ആകർഷണമാകും.സംശയകരമായ കപ്പലുകൾ പരിശോധിക്കുന്ന വിസിറ്റ്, ബോർഡ്, സെർച്ച് ആൻഡ് സീഷർ ഓപ്പറേഷൻ, ഹെലികോപ്റ്റർ വഴി കമാൻഡോകളെ ലക്ഷ്യസ്ഥാനത്ത് ഇറക്കുന്ന ഹെലികോപ്റ്റർ ബോൺ ഇൻസേർഷനും മറ്റു ചെറു കമാൻഡോ ഓപ്പറേഷനുകളും നടക്കും.ഖുപ്രകടനങ്ങൾക്ക് ശേഷം ഹോൺപൈപ്പ് ഡാൻസ്,

സന്ധ്യയ്ക്ക് യുദ്ധക്കപ്പലുകൾ വൈദ്യുതി ദീപങ്ങളാൽ അലങ്കരിക്കുന്നതും മികച്ച കാഴ്ചവിരുന്നാകും.