നോൺ എ.സി.കോച്ചിലും തലയിണയും പുതപ്പും

Tuesday 02 December 2025 1:13 AM IST

 പദ്ധതി ജനുവരി ഒന്നുമുതൽ

തിരുവനന്തപുരം: എ.സി കോച്ചുകളിൽ മാത്രം നൽകിയിരുന്ന തലയിണയും പുതപ്പും ഇനിമുതൽ നോൺ എ.സി സ്ളീപ്പർ കോച്ചുകളിലും. ജനുവരി ഒന്നുമുതലാണ് ഈ മാറ്റം. ആദ്യഘട്ടത്തിൽ കേരളത്തിലെ മൂന്ന് ട്രെയിനുകളിലും പിന്നീട് മറ്റ് ദീർഘദൂര ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും. റെയിൽവേയുടെ 'ന്യൂ ഇന്നൊവേറ്റീവ് നോൺഫെയർ റവന്യൂ ഐഡിയാസ് സ്‌കീമിന്റെ' ഭാഗമായാണീ പദ്ധതി. എ.സി ട്രെയിനുകളിൽ ഇത് ടിക്കറ്റ് നിരക്കിന്റെ ഭാഗമാണെങ്കിൽ നോൺ എ.സി ട്രെയിനുകളിൽ ആവശ്യക്കാർ പ്രത്യേകം പണം കൊടുക്കണം. അണുവിമുക്തമാക്കിയ തലയിണക്കവറും പുതപ്പുമാണ് നൽകുക.

കേരളത്തിലെ 22651/22652 ചെന്നൈ-പാലക്കാട് എക്സ്‌പ്രസ്, 12695/12696 ചെന്നൈ സെൻട്രൽ–തിരുവനന്തപുരം എക്സ്‌പ്രസ്, 22639/22640 ചെന്നൈ-ആലപ്പുഴ എക്സ്‌പ്രസ് ട്രെയിനുകളിലാണിത് നടപ്പാക്കുന്നത്.

ദക്ഷിണ റെയിൽവേ നൽകുന്ന വിവരം അനുസരിച്ച് ചെന്നൈ-മേട്ടുപ്പാളയം നീലഗിരി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ എഗ്മോർ-മണ്ണാർഗുഡി എക്സ്‌പ്രസ്, ചെന്നൈ എഗ്മോർ-തിരുച്ചെന്തൂർ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ-പാലക്കാട് എക്സ്‌പ്രസ്, ചെന്നൈ എഗ്മോർ-സെങ്കോട്ടൈ സിലമ്പു സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, താംബരം-നാഗർകോവിൽ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ചെന്നൈ എഗ്മോർ-മംഗലാപുരം എക്സ്‌പ്രസ് എന്നിവയിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാക്കുക.

 നിരക്കുകൾ

തലയിണയും തലയിണക്കവറും ......30രൂപ

പുതിപ്പിന്...... 20രൂപ

മൂന്നുംകൂടി ...... 50രൂപ