ലൈസൻസിന് കൈക്കൂലി; എക്സി. എൻജിനിയർ അറസ്റ്റിൽ
കൊച്ചി: ഇടമലയാർ ജലസേചന പദ്ധതിക്ക് കീഴിൽ കരാർ ജോലികൾ ചെയ്യുന്നതിനുള്ള സി ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കാൻ 15,000 രൂപ കൈക്കൂലി വാങ്ങവേ എക്സിക്യുട്ടീവ് എൻജിനിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. അങ്കമാലി ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ ഒന്നിലെ എക്സിക്യുട്ടീവ് എൻജിനിയർ അങ്കമാലി സ്വദേശി പി.എം. വിൽസണാണ് കുടുങ്ങിയത്. അങ്കമാലി സ്വദേശിയുടെ പരാതിയിലാണ് നടപടി. പ്രതിയെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കോൺട്രാക്ടർ ലൈസൻസിനായി നൽകിയ അപേക്ഷയിൽ നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് പരാതിക്കാരൻ ഓഫീസിലെത്തി വിൽസണെ നേരിൽ കണ്ടപ്പോഴാണ് 15,000 രൂപ ആവശ്യപ്പെട്ടത്. വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കെണിയൊരുക്കി. വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ ഓഫീസിലെത്തിയ പരാതിക്കാരനിൽ നിന്ന് വിൽസൺ കൈക്കൂലിപ്പണം കൈപ്പറ്റുന്നതിനിടെ മറഞ്ഞിരുന്ന ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടനിലക്കാരടക്കം 77 സർക്കാർ ഉദ്യോഗസ്ഥരെ ഈ വർഷം കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.