ഗുരുദേവ മാട്രിമോണിയലിന്റെ സൽപ്പേര് തകർക്കാൻ ശ്രമമെന്ന്

Tuesday 02 December 2025 2:47 AM IST

കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്റെ യൂണിയനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുരുദേവ മാട്രിമോണിയലിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമമെന്ന് പരാതി. 500 രൂപ നൽകിയാൽ ഗുരുദേവ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ യുവതീ യുവാക്കളുടെയും ചിത്രങ്ങളും ടെലിഫോൺ നമ്പരും അടക്കമുള്ള പൂർണവിവരങ്ങൾ കൈമാറാമെന്ന് അവകാശപ്പെട്ട് ഒരു സ്വകാര്യ മാര്യേജ് ബ്യൂറോ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം നടത്തുന്നതായാണ് പരാതി.

12 വർഷമായി 80ലേറെ യൂണിയനുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് ഗുരുദേവ മാട്രിമോണിയൽ. ഇവിടെ രജിസ്റ്റർ ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ഐ.ടി ആക്ട് പ്രകാരം രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അനുയോജ്യമായ ആലോചനകൾക്ക് മാത്രമേ വ്യവസ്ഥകൾക്ക് വിധേയമായി വിവരങ്ങൾ കൈമാറൂ. വ്യാജപ്രചാരണത്തിനെതിരെ കോട്ടയം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കെ.ജി. ഓമനക്കുട്ടൻ അറിയിച്ചു.