കിലോയ്ക്ക് 5500 രൂപ വരെ; കേരളത്തിൽ സീസൺ തുടങ്ങി, പക്ഷേ ലാഭം കൊയ്യുന്നത് മുഴുവൻ തമിഴ്‌നാട്ടുകാർ

Tuesday 02 December 2025 4:37 AM IST

കൊല്ലം: രണ്ടാഴ്ചയ്ക്കിടെ മുല്ലപ്പൂവിന് പൊന്നും വില. നിലവിൽ കിലോയ്ക്ക് 4000 രൂപയും കടന്ന് കുതിക്കുകയാണ്. രണ്ടാഴ്ച മുമ്പ് 1000 രൂപയായിരുന്നു വില. ഞായറാഴ്ച 5500 രൂപയ്ക്ക് വരെയാണ് ഒരു കിലോ മുല്ലപ്പൂ വിറ്റുപോയത്. സാധാരണ ദിവസങ്ങളിൽ 3500-4000 രൂപ വരെ വിലയുണ്ടെന്നും വ്യാപാരികൾ പറയുന്നു.

തമിഴ്‌നാട്ടിലെ കനത്ത മഴയും കേരളത്തിൽ മഞ്ഞുവീഴ്ച നേരത്തെ തുടങ്ങിയതും മൂലം മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശമുണ്ടായതോടെയാണ് ഡിസംബർ ആദ്യവാരം മുതൽ വില കുത്തനെ ഉയർന്നത്. സാധാരണ ഡിസംബർ പകുതിയോടെ കാണാറുള്ള മഞ്ഞുവീഴ്ച, നവംബർ ആദ്യവാരം തന്നെയെത്തിയത് ഉത്പാദനത്തെ ബാധിച്ചെന്ന് കർഷകർ പറയുന്നു.

ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ തഴച്ചുവളരുന്നത്. മഞ്ഞുവീഴ്ചയിൽ പൂവ് മൊട്ടിടുന്നത് കുറയും. കനത്ത മഞ്ഞിലും ഇടമഴയിലും പൂക്കൾ ചീഞ്ഞതും തിരിച്ചടിയായി. രാത്രിയിലെ മഞ്ഞും പകൽ സമയത്തെ കനത്ത വെയിലും പൂക്കൾക്ക് ദോഷമായി. സംസ്ഥാനത്ത് വിവാഹ സീസണായതും വില വർദ്ധനവിന് കാരണമായെന്ന് കച്ചവടക്കാർ പറയുന്നു.

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ, നിലക്കോട്ട, ഒട്ടംചത്തിരം, പഴനി, ആയക്കുടി, വത്തലഗുണ്ട്, സത്യമംഗലം, കോയമ്പത്തൂർ, നരക്കോട്ട എന്നിവിടങ്ങളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി ചെയ്തുവരുന്നത്.

മധുര, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് മുല്ലപ്പൂവ് എത്തുന്നത്. പാലക്കാട്ടെ അതിർത്തി പഞ്ചായത്തായ വടകരപ്പതിയിലടക്കം കേരളത്തിന്റെ അതിർത്തിയിൽ പ്രാദേശികമായി വ്യാപകമായി മുല്ലപ്പൂ കൃഷി ഉണ്ടെങ്കിലും അവയെല്ലാം കോയമ്പത്തൂർ, തോവാള എന്നിവിടങ്ങളിലെ മൊത്തവില്പന മാർക്കറ്റുകളിലെത്തിയ ശേഷമാണ് കേരളത്തിലെത്തുന്നത്.

തീർത്ഥാടനകാലവും വിവാഹ സീസണും

 നിലവിൽ ജനുവരി പകുതിവരെ വില ഉയർന്നേക്കും

 വിലക്കൂടുതലിന് പുറമേ പൂവിന്റെ വലുപ്പം കുറഞ്ഞു

 തീർത്ഥാടനകാലവും വിവാഹ സീസണുമായതിനാൽ പറയുന്ന വില കൊടുക്കണം

 സാധാരണക്കാ‌ർക്ക് ആശ്വാസമായി വിപണിയിൽ മല്ലിപ്പൂവ്

 മുല്ലയുടെ പകുതി വിലയ്ക്ക് മല്ലിപ്പൂവ് ലഭിക്കും

 ജൂൺ മുതൽ ഒക്ടോബർ വരെയാണ് മുല്ലയ്ക്ക് മെച്ചപ്പെട്ട വിളവ് ലഭിക്കുക

എല്ലായിടത്തും ഒറ്റ മുഹൂർത്തം നോക്കുന്നതിനാൽ വില ഉയർന്നുകൊണ്ടേയിരിക്കും. 24 മണിക്കൂറാണ് പറയുന്നതെങ്കിലും 12 മണിക്കൂറിനുള്ളിൽ വിറ്റുപോയില്ലെങ്കിൽ പൂവ് കേടാകും.

മുല്ലപ്പൂവ് വ്യാപാരി