കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി; മരിച്ചത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി

Tuesday 02 December 2025 9:34 AM IST

കണ്ണൂർ: സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസൻ (43) ആണ് മരിച്ചത്. കഴുത്തുമുറിച്ചാണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കഴുത്തുമുറിച്ചനിലയിൽ കണ്ടെത്തിയത്.

മുറിവിൽ നിന്ന് കൈ കൊണ്ട് രക്തം ഞെക്കികളയുന്ന നിലയിലാണ് കണ്ടെത്തിയതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജയിലിലായത്.

കഴിഞ്ഞ വിഷുവിന് മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ജിൽസനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാനന്തവാടി സബ് ജയിലിൽ നിന്ന് മാസങ്ങൾക്ക് മുമ്പാണ് ജിൽസനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്.

ജല അതോറിറ്റിയിൽ പടിഞ്ഞാറത്തറയിലെ പ്ലമ്പിംഗ് ജീവനക്കാരനായ ജിൽസൻ മികച്ച ചിത്രകാരൻ കൂടിയാണ്. ചിത്രപ്രദർശനം നടത്താനൊരുങ്ങവേയാണ് ആത്മഹത്യ. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).