ചടങ്ങിൽ പങ്കെടുത്ത നടിമാർക്ക് രാഹുൽ മാങ്കൂട്ടത്തിൽ അങ്ങോട്ട് മെസേജ് അയച്ചു; തുറന്നുപറഞ്ഞ് സംവിധായകൻ
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുകയും ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ അപമാനിക്കുകയും ചെയ്ത കുറ്റത്തിന് രാഹുൽ ഈശ്വർ ജയിലിൽ കഴിയുകയാണ്. ഈ വേളയിൽ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ.
'രാഹുൽ മാങ്കൂട്ടത്തിലിനെ ചാനൽ ചർച്ചകളിൽ തുടർച്ചയായി ന്യായീകരിച്ച് സ്വയം കുഴിച്ച കുഴിയിൽ വീണ് രാഹുൽ ഈശ്വർ കൂടി ജയിലിലായ കാഴ്ചയാണ് കേരളം കാണുന്നത്. ആദ്യം രാഹുൽ ഈശ്വർ ചാനൽ ചർച്ചയിൽ വന്ന് സംസാരിച്ച ദിവസം ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചു. അദ്ദേഹത്തിന്റെ ചാനൽ ചർച്ച സഹിക്കാവുന്നതും കേൾക്കാവുന്നതും അരോചകമായി തോന്നിയതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ചത്. ഞാൻ അദ്ദേഹത്തോട് ആദ്യം ചോദിച്ചത് താങ്കൾക്ക് ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടോ എന്നുള്ളതാണ്.
കാരണം വിവാഹിതയായ ഒരു സ്ത്രീ രാഹുൽ മാങ്കൂട്ടവുമായി തന്റെ ഭർത്താവിനെ ചതിച്ചു നടത്തിയ ഒരു ബന്ധം എന്ന നിലയ്ക്ക് താങ്കൾ മുന്നോട്ട് വയ്ക്കുന്ന വാദം പൂർണ്ണമായും മുഖവിലക്കെടുത്തുകൊണ്ട് ഞാൻ ചോദിക്കട്ടെ, നാലു മാസം മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സ്ക്രീൻഷോട്ടുകളും, പഴയ ചാറ്റുകളും, അന്നത്തെ ഗർഭകേസുകളും ഈ പെൺകുട്ടിയുടേത് ആയിരുന്നോ? അതോ അറിയാതെയാണോ താങ്കൾ ഇത് സംസാരിക്കുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
ബോധപൂർവ്വമാണോ, അതോ ഇത്തരം വിഷയങ്ങൾ സംസാരിക്കുന്ന സമയത്ത് തനിക്ക് കിട്ടുന്ന ശ്രദ്ധക്ക് വേണ്ടിയാണോ എന്നൊന്നും അറിയില്ല. സത്യത്തെയും യാഥാർത്ഥ്യത്തെയും മറച്ചുപിടിച്ചുകൊണ്ട് ഒരു വലിയ വിഭാഗം പിണറായി വിജയനെതിരെ കേരളത്തിൽ നിൽക്കുന്നതുകൊണ്ട് തന്നെ, സർക്കാരിനെതിരെ അതിശക്തമായ ജനരോഷം ഉള്ളതുകൊണ്ട് തന്നെ, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചാൽ ആ പിന്തുണ തനിക്ക് കൂടി ലഭിക്കുമെന്ന് കരുതിയ സ്വയം ഒരു വിഡ്ഢിയായി മാറിയ രാഹുൽ ഈശ്വറിനോട് അന്നത്തെ ദിവസം പറഞ്ഞതുതന്നെ ഞാൻ വീണ്ടും ആവർത്തിക്കുന്നു.
താങ്കൾ കാണിക്കുന്നതിനെ ഒരു രീതിയിലും ന്യായീകരിക്കാൻ പറ്റുന്ന ഒന്നുമില്ല എന്ന യാഥാർത്ഥ്യം താങ്കൾ ഇനിയെങ്കിലും മനസിലാക്കുക. താങ്കൾ ഇവിടെ മുന്നോട്ട് വയ്ക്കുന്ന ഓരോ വാദങ്ങളും സഹിക്കാവുന്നതിലും അപ്പുറമാണ്.
ഈ വിഷയത്തോടുകൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ നല്ല മുഖം പുറത്തുവന്നെന്നാണ് താങ്കൾ മുന്നോട്ടുവച്ച ആദ്യ വാദം. രാഹുലിന്റെ ഉദ്ദേശ്യം ഈ പെൺകുട്ടിയെ വിവാഹം കഴിച്ച്, അവളെ അമ്മയാക്കി, ഭാര്യയും അമ്മയും ആക്കി കൂടെ പൊറുപ്പിക്കാൻ വേണ്ടിയാണെന്നും, ആ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്താതെ രാഹുൽ മാങ്കൂട്ടത്തിൽ അത് കാത്തുസൂക്ഷിച്ചതിനുള്ള കാരണം അദ്ദേഹത്തിന്റെ മാന്യതയാണെന്നും പറഞ്ഞാണ് ആദ്യ ദിവസങ്ങളിൽ രാഹുൽ ഈശ്വർ വാദിച്ചത്.
തൊട്ടടുത്ത ദിവസം സമർപ്പിച്ച ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പറയുകയാണ്. ഈ പെൺകുട്ടി വിവാഹിതയായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നെന്ന്. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ സംസാരിക്കാൻ വേണ്ടി ഈ പെൺകുട്ടി എന്നെ ബന്ധപ്പെട്ടതും, പിന്നീട് ആ ബന്ധം സൗഹൃദവും പ്രണയവുമായി മാറിയെന്നും, ആ പ്രണയം ലൈംഗികബന്ധത്തിലേക്ക് വഴിമാറിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സമ്മതിച്ചതോടുകൂടി രാഹുൽ ഈശ്വർ ആദ്യം മുന്നോട്ടുവെച്ച എല്ലാ വാദങ്ങളും അവിടെ പൊളിഞ്ഞു.
യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും വന്നിരുന്ന് വിണ്ടും ന്യായീകരിക്കുന്നു. അയാൾ രണ്ടാമത് മുന്നോട്ട് വയ്ക്കുന്ന വാദം വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെ ചതിച്ച് മറ്റൊരു പുരുഷനൊപ്പം പോയി എന്ന് പറയുന്ന, കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിലും കുടുംബങ്ങൾക്കിടയിലും ഏറ്റവും എളുപ്പം വർക്കാവുന്ന കുടുംബങ്ങളുടെ ധാർമികത അല്ലെങ്കിൽ സന്മാർഗ്ഗികത എന്ന് പറയുന്ന കാഴ്ചപ്പാടുകളാണ്. ഇത്തരം ചിന്തകൾ പലപ്പോഴും കുടുംബങ്ങളിൽനിന്ന് വലിയ സ്വീകാര്യത നേടുന്നതാണ്. അതിലൂടെ ഒരുപാട് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ രാഹുൽ ഈശ്വരന് കഴിഞ്ഞിട്ടുണ്ട്.
ആദ്യം വന്ന വാർത്ത, ആദ്യം വന്ന ചാറ്റുകൾ, ആദ്യം വന്ന ഗർഭകേസുകൾ ഒന്നും തന്നെ ഈ പെൺകുട്ടിയുടേതല്ല. നിങ്ങൾക്ക് തന്നെ അന്നത്തെ ചാറ്റുകൾ പരിശോധിച്ചാൽ മനസ്സിലാകും. 2021ലെ ചാറ്റുകളാണ് പുറത്തുവന്നത്. 2021ൽ ഈ പെൺകുട്ടിയുമായിട്ടല്ല രാഹുൽ മാങ്കൂട്ടത്തിൽ ബന്ധപ്പെട്ടത്. അന്ന് മറ്റൊരു പെൺകുട്ടിയായിരുന്നു, മറ്റൊരു ചാനലിലെ മാദ്ധ്യമപ്രവർത്തകയായിരുന്നു അത്. അതോടൊപ്പം തന്നെ, പുറത്തുവരാത്ത പരാതികൾ, പലരും ഭയപ്പെട്ട് ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന പല പരാതികളും, വിഡി സതീശനോടും അതുപോലെയുള്ള കോൺഗ്രസിലെ പല പ്രമുഖ നേതാക്കന്മാരോടും പലരും പങ്കുവെച്ചിട്ടുള്ള പരാതികൾ കൃത്യമായി മനസിലാക്കിയതുകൊണ്ടാണ് കോൺഗ്രസിന്റെ ബോധമുള്ള ഒരു നേതൃത്വം രാഹുലിനെ ഒഴിവാക്കി നിർത്താൻ ഒരു തീരുമാനമെടുത്തത്.
യഥാർത്ഥത്തിൽ രാഹുലിനെ ഒഴിവാക്കി നിർത്തിയത്, രാഹുലിനെക്കൂടി രക്ഷിക്കുക എന്ന് പറയുന്ന ഒരു നീക്കത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം, പാർട്ടിക്കുള്ളിൽ ഒരു അന്വേഷണ കമ്മീഷനെ വെക്കുകയും ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ മാറ്റി നിർത്തുകയും ചെയ്യണം എന്നൊരു സമീപനമാണ് വിഡി സതീശനോ കെപിസിസിയോ തീരുമാനിച്ചിരുന്നതെങ്കിൽ, ഈ അന്വേഷണ കമ്മീഷന്റെ മുമ്പിൽ നിരവധി പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാകുമായിരുന്നു. അത് രാഹുലിന് കൂടുതൽ ദോഷകരമായി മാറിയേനെ.
ഈ വിഷയത്തിൽ നിരവധി പരാതികൾ നിരവധി പെൺകുട്ടികളിൽനിന്ന് ഉണ്ടെന്നുള്ളതും ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. ഞാൻ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇത്തരം ഒരു നിലപാട് സ്വീകരിക്കേണ്ടി വരുന്നു എന്ന് ചോദിച്ചാൽ, ഒന്നര വർഷം മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്തുപോയ സിനിമാ മേഖലയിൽ വർക്ക് ചെയ്തിട്ടുള്ളവർക്ക് രാഹുൽ അങ്ങോട്ട് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ച് ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു.'- അഖിൽ മാരാർ പറഞ്ഞു.