ബാൻഡ് മേളത്തിൽ കൊട്ടിക്കയറി സെന്റ് തെരേസാസ്

Tuesday 02 December 2025 4:28 PM IST

കൊച്ചി: വിധി കർത്താക്കൾക്കെതിരെയുള്ള പരാതിയെ തുടർന്ന് മാറ്റിവച്ച വാശിയേറിയ ബാൻഡ് മേളത്തിലും ഒന്നാം സ്ഥാനം നേടിയതോടെ കഴിഞ്ഞതവണ കുറുംപ്പംപടിയിൽ നേരിയ പോയിന്റുകൾക്ക് നഷ്ടമായ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവ കിരീടം തിരിച്ചുപിടിച്ച് എറണാകുളം സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. സെന്റ് ആൽബർട്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ ഇന്നലെ നടന്ന ഹൈസ്‌കൂൾ വിഭാഗം ബാൻഡ്മേളത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് സെന്റ് തെരേസാസ് നേട്ടം കൊയ്തത്.

ബാൻഡ് മേളത്തിൽ വിജയിച്ചതോടെ സെന്റ് തെരേസാസിന് 306 പോയിന്റും നിലവിലെ ചാമ്പ്യൻമാരായ ആലുവ വിദ്യാധിരാജ സ്‌കൂളിന് 301 പോയിന്റുമായി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസാണ് 267 പോയിന്റോടെ മൂന്നാമത്. വൈപ്പിൻ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് 217 പോയിന്റോടെ നാലാമതും, 185 പോയിന്റോടെ ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്തുമാണ്.

ഹയർസെക്കൻഡറി വിഭാഗത്തിൽ 141 പോയിന്റോടെ ജേതാക്കളായ സെന്റ് തെരേസാസ് സ്‌കൂൾ, ഹൈസ്‌കൂൾ വിഭാഗത്തിൽ വിദ്യാധിരാജയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി. യു.പി വിഭാഗത്തിൽ 25 പോയിന്റുകൾ ലഭിച്ചു.

ഉപജില്ലകളിൽ ഓവറോൾ ജേതാക്കളായ എറണാകുളത്തിന്റെ പോയിന്റ് നേട്ടം 1020 ആയി. റണ്ണേഴ്സ് അപ്പായ ആലുവ എട്ട് പോയിന്റുകൂടി കൂട്ടിച്ചേർത്ത് 943ലെത്തി. നോർത്ത് പറവൂർ (926), മട്ടാഞ്ചേരി (880), മൂവാറ്റുപുഴ (816) ഉപജില്ലകൾ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്താണ്.

 ബാൻഡ്‌മേളം വേറെ ലെവൽ

ദിവസങ്ങൾ മാറ്റിവച്ച ശേഷമാണ് നടന്നതെങ്കിലും ആവേശോജ്ജ്വലമായിരുന്നു ബാൻഡ്‌മേള മത്സരം. സെന്റ് ആൽബർട്സ് സ്‌കൂൾ ഗ്രൗണ്ടിൽ പൊടിപാറിച്ച മത്സരം. ആറ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നാല് ടീമുകൾക്ക് മാത്രമാണ് എ ഗ്രേഡ് നേടാനായത്. രണ്ട് ടീമുകൾക്ക് ബി ഗ്രേഡായി. മത്സരത്തിന് മുമ്പേ സ്‌കൂൾ കിരീടമുറപ്പിച്ച സെന്റ് തെരേസാസിന് ബാൻഡ്മേളത്തിലെ വിജയം ഇരട്ടിമധുരമായി. നേരത്തെ 301 പോയിന്റുമായി വിദ്യാധിരാജ വിദ്യാഭവനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു സെന്റ് തെരേസാസ്. ബാൻഡ്മേളത്തിൽ വിദ്യാധിരാജ സ്‌കൂളിന് ടീം ഇല്ലാതിരുന്നതിനാൽ സെന്റ് തെരേസാസ് കിരീടം ഉറപ്പാക്കിയിരുന്നു. ഇഷേൽ ആന്റണി ആയിരുന്നു ടീം ക്യാപ്ടൻ.