ജോലി രാജിവച്ച് വീട്ടിലെത്തി, ഭക്ഷണം ചോദിച്ചപ്പോൾ സംഭവിച്ചത്; പുരുഷന്മാരോട് എനിക്കൊരു അപേക്ഷയുണ്ട്

Tuesday 02 December 2025 4:51 PM IST

പണമില്ലെങ്കിൽ സമൂഹത്തിലും ബന്ധുക്കൾക്കിടയിലുമൊക്കെ പുല്ലുവിലയാണെന്ന് പറയാറുണ്ട്. പലയിടത്തും അവഗണനകളും നേരിടേണ്ടി വരും. അത്തരത്തിൽ ജോലി ഇല്ലാതായപ്പോൾ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു യുവാവ്.

'മാതാപിതാക്കൾക്ക് പോലും ഒരു പാവപ്പെട്ട മകനെ ഇഷ്ടമല്ല'- എന്ന അടിക്കുറിപ്പോടെ ഡയറക്ടർ ദയാൽ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവാവ് വീഡിയോ പുറത്തുവിട്ടത്. ജോലി ഉപേക്ഷിച്ച് മൂന്ന് ദിവസത്തിന് ശേഷം വീട്ടിലെത്തിയപ്പോഴുള്ള അനുഭവമാണ് യുവാവ് തുറന്നുപറഞ്ഞത്.

തനിക്ക് വരുമാനമുണ്ടായിരുന്നപ്പോൾ അമ്മയ്ക്ക് തന്നോട് വലിയ വാത്സല്യമായിരുന്നു. ചിലപ്പോൾ ഭക്ഷണം കഴിക്കുന്ന സമയത്ത് അധിക റൊട്ടി നൽകിയിരുന്നുവെന്ന് യുവാവ് പറയുന്നു. എന്നാൽ ജോലി ഉപേക്ഷിച്ച് വീട്ടിലെത്തിയപ്പോൾ സ്ഥിതിഗതികൾ മാറിമറിഞ്ഞു.

അത്താഴം കഴിക്കുന്നതിനിടെ അമ്മ കൂടുതൽ റൊട്ടി കഴിക്കാൻ നിർബന്ധിച്ചില്ല. രണ്ട് റൊട്ടി തരുമോയെന്ന് ചോദിച്ചപ്പോൾ വാത്സല്യത്തോടെയുള്ള മറുപടിയായിരുന്നില്ല ലഭിച്ചത്. 'അവൻ രണ്ട് റൊട്ടി കൂടി ചോദിക്കുന്നു, അത് അവന് കൊടുക്കൂ.'- എന്ന് അച്ഛൻ അമ്മയോട് പറഞ്ഞു. ആ വാക്കുകളും പറഞ്ഞ രീതിയും വ്യത്യസ്തമായിരുന്നു. സമ്പാദിക്കുന്നുണ്ടോ, എത്ര സമ്പാദിക്കുന്നു എന്നീ കാര്യങ്ങളാണ് കുടുംബങ്ങൾക്കുള്ളിലെ ബഹുമാനം നിശ്ചയിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി. 'ജോലിയില്ലെങ്കിലും പോക്കറ്റ് കാലിയായാലും കുടുംബം പോലും നിങ്ങളെ ബഹുമാനിക്കില്ല. എല്ലാ ആൺകുട്ടികളോടുമുള്ള എന്റെ എളിയ അഭ്യർത്ഥന ഇതാണ്, പണം സമ്പാദിക്കുക... പണമുണ്ടെങ്കിൽ ബഹുമാനമുണ്ട്, അല്ലെങ്കിൽ ഒന്നുമില്ല.'- യുവാവ് പറഞ്ഞു. ഈ യുവാവ് എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല..