മിന്നൽ മുതൽ പ്രളയം വരെ, കൂമ്പാര മേഘങ്ങൾ വില്ലനാകുന്നു
കൊച്ചി: മൺസൂൺ കാലാവസ്ഥയ്ക്ക് മുൻപും ശേഷവുമെല്ലാം കേരളത്തെ ഭയപ്പെടുത്തുന്ന കൊടുംവില്ലനാണ് കൂമ്പാര മേഘങ്ങളെന്ന് പഠനം. കൂമ്പാരമേഘങ്ങൾ മൂലമുണ്ടാകുന്ന മിന്നൽ, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ്, കനത്ത മഴ എന്നിവയാണ് ഏറ്റവും വലിയ മൂന്ന് കാലാവസ്ഥാ ഭീഷണികളെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് റഡാർ റിസർച്ചിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. ഇടിമിന്നലോടെയുള്ള കാറ്റ് കേരളത്തിൽ സാധാരണമാണെങ്കിലും മൺസൂണിന് മുൻപ് ഇവ ആവർത്തിച്ചുണ്ടാകുന്നുവെന്നും അത് അപകടകരമാണെന്നും പഠനത്തിൽ വ്യക്തമായി. കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന വ്യത്യസ്ത അപകടങ്ങൾ കേരളത്തിലെ ഏതു ഭാഗങ്ങളിലാണ് കൂടുതലെന്ന് വ്യക്തമാക്കുന്ന ആദ്യത്തെ സമഗ്രപഠനമാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഉപഗ്രഹചിത്രങ്ങൾ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മഴമാപിനി വിവരങ്ങൾ, ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഡേറ്റ തുടങ്ങിയവ ഉപയോഗിച്ചാണ് കേരളത്തിലെ പ്രധാന അപകടസാദ്ധ്യതാ ഹോട്ട്സ്പോട്ടുകൾ ഗവേഷകർ നിശ്ചയിച്ചത്. കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ.എസ്.അഭിലാഷ്, ഇ.കെ. കൃഷ്ണകുമാർ, സി.എസ്.അഭിരാം നിർമൽ, പ്രഭാത്.എച്ച്.കുറുപ്പ് എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.
മിന്നൽ സാദ്ധ്യത കൂടുതൽ
കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവയാണ് മിന്നൽ അപകടസാദ്ധ്യത ഏറ്റവും കൂടുതലുള്ള ജില്ലകൾ. എന്നാൽ കൂമ്പാരമേഘങ്ങൾ മൂലം തീവ്ര മഴ ലഭിക്കുന്നത് എറണാകുളം മുതൽ വടക്കൻ ജില്ലകളിലേക്കാണ്. ഇതിൽത്തന്നെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും അതിതീവ്ര മഴ കൂടുതലും ഉണ്ടാകുക.
ഉരുൾപൊട്ടലും ഉണ്ടാവാം
പശ്ചിമഘട്ട മലനിരകളിലും അടിവാര പ്രദേശങ്ങളിലും പതിവായി ഇടിമിന്നലും മഴയും ലഭിക്കുന്നതിനും കൂമ്പാര മേഘങ്ങൾ കാരണമാകുമെങ്കിലും ഇതിന്റെ തീവ്രത കുറവായിരിക്കും. തെക്കൻ ജില്ലകളിലാണ് മിന്നൽ, മഴ, ശക്തമായ കാറ്റ് എന്നിവ ഒരുമിച്ച് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലും. ഇങ്ങനെ വന്നാൽ മിന്നൽ പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങൾക്ക് കൂടുതൽ സാദ്ധ്യതയുണ്ടെന്നും പഠനത്തിലുണ്ട്.
പഠനം ഇങ്ങനെ
കാലവസ്ഥയുമായി ബന്ധപ്പെട്ട 20 വർഷത്തെ വിവരങ്ങൾ പരിശോധിച്ചു
പഠനകാലാവധി - ഒരു വർഷം
കാറ്റുമായി ബന്ധപ്പെട്ട് നാല് വർഷത്തെ ഐ.എം.ഡിയുടെയും ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകളിൽ നിന്നും ഓരോ മിനിറ്റിലും ലഭിക്കുന്ന ഗസ്റ്റ് സ്പീഡ് ഡാറ്റയാണ് ഉപയോഗിച്ചത്
ഇടിമിന്നൽ പഠനത്തിന് സാറ്റലൈറ്റ് ഫ്ളാഷ് ഡാറ്റയാണ് ഉപയോഗിച്ചത്