ഗുരു വിരുന്നുവന്ന വീട്ടിൽ നിന്നുയർന്ന അഭിഭാഷകൻ
കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ പാദം പതിഞ്ഞ വീട്ടിൽ നിന്ന് വന്ന അസാധാരണനായ നിയമ വിദഗ്ദ്ധനായിരുന്നു ഇന്നലെ നിര്യാതനായ അഡ്വ.എൻ.എൻ.സുഗുണപാലൻ. കുമ്പളങ്ങിയിലെ നെടുങ്ങയിൽ വീടിന് മുന്നിലെ കടവിൽ വഞ്ചിയിറങ്ങി ഗൃഹസന്ദർശനവും നടത്തിയാണ് ഗുരു തൊട്ടടുത്തുള്ള ഗുരുവരമഠത്തിലേക്ക് പോയത്. നാട്ടിലെ പ്രമാണിയായിരുന്ന നെടുങ്ങയിൽ നാരായണന്റെയും ജാനകിയുടെയും ഇളയമകനായിരുന്നു എൻ.എൻ.സുഗുണപാലൻ. സഹോദരിയായ ശാന്തിമതിക്ക് പേരിട്ടതും ചോറൂട്ടിയതും ഗുരുദേവനാണ്. തിരക്കേറിയ ജീവിതത്തിനിടയിലും ഗുരുവരമഠത്തിലെ ഭാരവാഹിത്വം എൻ.എൻ.സുഗുണപാലൻ വഹിച്ചിരുന്നു.
കേരള ഹൈക്കോടതിയിലെ ന്യായാധിപർ ആദരവോടെ കണ്ടിരുന്ന അഭിഭാഷകനിലൊരാൾ. സിവിൽ നിയമത്തിൽ അഗാധമായ പാണ്ഡിത്യം. ആരെയും വശീകരിക്കുന്ന സൗമ്യമായ പെരുമാറ്റം. മായാത്ത പുഞ്ചിരി. വലിപ്പച്ചെറുപ്പമേതുമില്ലാത്ത സൗഹൃദങ്ങൾ. എറണാകുളത്തെ പ്രമുഖമായ അഭിഭാഷക സ്ഥാപനം ചന്ദ്രശേഖരൻ ആൻഡ് ചന്ദ്രശേഖരമേനോൻ അസോസിയേറ്റ്സിന്റെ സീനിയർ പാർട്ട്ണർ ആണെങ്കിലും ഏത് അഭിഭാഷകനും സംശയങ്ങളുമായി സമീപിക്കാം. സങ്കീർണമായ നിയമത്തർക്കങ്ങളിൽ മീഡിയേഷന് ജഡ്ജിമാർ ആദ്യം തേടുന്ന മുഖം എൻ.എൻ.സുഗുണപാലന്റേതായിരുന്നു. ഹൈക്കോടതി അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരുമായി വലിയതോതിൽ സംഘർഷമുണ്ടായ കാലത്തും മദ്ധ്യസ്ഥത വഹിച്ചത് സുഗുണപാലനാണ്.
• ഇഷ്ടവിഷയം
സുഗുണപാലന്റെ അഭിഭാഷക ജീവിതത്തിൽ സുപ്രധാനമായിരുന്നു ഇഷ്ടദാനം സംബന്ധിച്ച കേസുകളും വിധിന്യായങ്ങളും. 1980കളിൽ നൂറുകണക്കിന് ഇഷ്ടദാനക്കേസുകളിൽ അദ്ദേഹം ഹൈക്കോടതിയിൽ ഹാജരായി. ചന്ദ്രശേഖരൻ ആൻഡ് ചന്ദ്രശേഖരമേനോൻ അസോസിയേറ്റ്സിനും പറയാൻ കഥകളേറെയുണ്ട്. ഒരു മന്ത്രിയും രണ്ട് ജഡ്ജിമാരും, രണ്ട് എം.പിമാരും ഇവിടെ നിന്ന് ഉണ്ടായി. കെ.ചന്ദ്രശേഖരൻ പട്ടംതാണുപിള്ള മന്ത്രിസഭയിൽ റവന്യുമന്ത്രിയും നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയുമായിരുന്നു. ചന്ദ്രശേഖരമേനോൻ ഹൈക്കോടതി ജഡ്ജിയുമായി. ഹൈക്കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിധിന്യായം 800 പേജിൽ എഴുതിയത് മേനോനാണ്. ഇവർ തുടങ്ങിയ സ്ഥാപനം നാല് പതിറ്റാണ്ട് നയിച്ചത് സുഗുണപാലനാണ്. ഒപ്പം ചേർന്ന പി.എൻ.രവീന്ദ്രനും ഹൈക്കോടതി ജഡ്ജിയായി. ചന്ദ്രശേഖരൻ പിന്നീട് രാജ്യസഭാംഗവും പാർട്ട്ണറായി ചേർന്ന തമ്പാൻ തോമസ് ലോകസഭാംഗവുമായി. ചന്ദ്രശേഖരൻ മന്ത്രിയായിരുന്ന കാലത്ത് വിദ്യാഭ്യാസവകുപ്പിനെതിരെ നിരവധി കേസുകളിൽ സുഗുണപാലൻ ഹാജരായി വിജയം നേടിയിട്ടുണ്ട്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും തന്റെ പക്കലുള്ള സങ്കീർണമായ കേസുകൾ തീർക്കാൻ രണ്ട് വർഷം കൂടി ജീവിക്കാൻ വഴിയുണ്ടോയെന്നായിരുന്നു ഡോക്ടറോട് അദ്ദേഹം തിരക്കിയത്.