മുപ്പത്തടം റോഡ്: കൈയേറ്റക്കാരന് ഒഴിപ്പിക്കൽ നോട്ടീസ്
ആലുവ: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കടുങ്ങല്ലൂർ - എടയാർ പി.ഡബ്ല്യു.ഡി റോഡിൽ മനയ്ക്കപ്പടി കവലയിൽ റോഡ് കൈയേറിയ കച്ചവടക്കാരന് പഞ്ചായത്ത് സെക്രട്ടറി ഒഴിപ്പിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം ഒഴിയാനാണ് നിർദ്ദേശം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം നടപടിയെടുക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും ഇത് കോടതി ഉത്തരവിന്റെ ലംഘനമാകുമെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഉടൻ നോട്ടീസ് നൽകിയത്. റോഡ് കൈയേറി നിർമ്മിച്ച പച്ചക്കറിക്കട പൊളിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ 18നാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടത്. ഏറെ നാളുകളായി തുടരുന്ന നിയമനടപടികളുടെ തുടർച്ചയായിട്ടായിരുന്നു അനുകൂല ഉത്തരവ് ലഭിച്ചത്.
മനയ്ക്കപ്പടിയിലെ യൂണിയൻ ഓഫീസ് കെട്ടിടത്തിൽ കടമുറി വാടകയ്ക്കെടുത്ത് പച്ചക്കറി വ്യാപാരം ആരംഭിച്ച ശേഷം പൊതുറോഡ് കൈയേറിയ കടുങ്ങല്ലൂർ എരമം പുതുവൽപ്പറമ്പ് റഫീക്കിനാണ് പഞ്ചായത്ത് സെക്രട്ടറി രമണി ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത്.
റോഡ് കൈയേറി പച്ചക്കറി കട തുടങ്ങിയതിന് പിന്നാലെ വേറെയും കൈയേറ്റങ്ങളുണ്ടായി. കോടതി ഉത്തരവിനെ തുടർന്ന് ഇവയും ഒഴിപ്പിക്കും. മനയ്ക്കപ്പടിയിലെ കൈയേറ്റം നാട്ടുകാർക്കും മറ്റ് അംഗീകൃത കച്ചവടക്കാർക്കും തലവേദനയായിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയുമായി. പഞ്ചായത്തിനും പൊലീസിനും നാട്ടുകാർ നിരവധി പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
പി.ഡബ്ല്യു.ഡി റോഡ് ആയതിനാൽ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കേണ്ടത് പി.ഡബ്ല്യു.ഡിയാണെന്ന നിലപാടിലായിരുന്നു നേരത്തെ പഞ്ചായത്ത് അധികാരികൾ. കോടതി ഉത്തരവിനെ തുടർന്നാണ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
30 ദിവസത്തിനകം റിപ്പോർട്ട് നൽകണം
ഒഴിപ്പിക്കൽ നടപടി സ്വീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഉത്തരവ്. അതിന്റെ ഭാഗമായി കൈയേറ്റക്കാരന് രജിസ്ട്രേഡ് നോട്ടീസ് അയച്ചിട്ടുണ്ട്. കൈപ്പറ്റ് രസീതിൽ പ്രതിഭാഗം ഒപ്പിട്ട് വാങ്ങുന്ന തീയതി മുതൽ ഏഴ് ദിവസത്തിനകം ഒഴിയാനാണ് നോട്ടീസ്.
രമണി
പഞ്ചായത്ത് സെക്രട്ടറി