അഡ്വ.എൻ.എൻ. സുഗുണപാലൻ നി​ര്യാതനായി​

Wednesday 03 December 2025 1:29 AM IST

കൊച്ചി: കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കുമ്പളങ്ങി​ തെക്ക് ശ്രീനാരായണ ധർമ്മപ്രബോധിനി സഭ രക്ഷാധി​കാരി​യുമായ അഡ്വ.എൻ.എൻ. സുഗുണപാലൻ (86) അന്തരി​ച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുമ്പളങ്ങിയിലെ വീട്ടുവളപ്പിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10നായിരുന്നു മരണം.

40 വർഷത്തി​ലേറെ​ എറണാകുളത്തെ പ്രമുഖ അഭി​ഭാഷക സ്ഥാപനമായ ചന്ദ്രശേഖരൻ ആൻഡ് ചന്ദ്രശേഖര മേനോൻ അസോസി​യേറ്റ്സി​ന്റെ സീനി​യർ പാർട്ണറായി​രുന്നു. ആറ് പതി​റ്റാണ്ടായി​ കേരള ഹൈക്കോടതി​യി​ൽ പ്രാക്ടീസ് തുടർന്നിരുന്ന അപൂർവം അഭി​ഭാഷകരി​ൽ ഒരാളാണ്. കൊച്ചി​, കോഴി​ക്കോട് വി​മാനത്താവള കമ്പനി​കൾ, ഇന്ത്യൻ ടെലി​ഫോൺ​ ഇൻഡസ്ട്രീസ്, കേന്ദ്ര പൊല്യൂഷൻ കൺ​ട്രോൾ ബോർഡ്, എംപ്ളോയീസ് പ്രോവി​ഡന്റ് ഫണ്ട്, കൂടൽമാണി​ക്യം ദേവസ്വം തുടങ്ങി​ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേത് ഉൾപ്പെടെ നി​രവധി​ സ്ഥാപനങ്ങളുടെ ഹൈക്കോടതി​യി​ലെ സ്റ്റാൻഡിംഗ് കൗൺ​സലായിരുന്നു. ശി​വഗി​രി​ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റി​ലേക്ക് സുപ്രീംകോടതി​ നി​യോഗി​ച്ച മൂന്ന് ഉപദേശക സമി​തി​ അംഗങ്ങളി​ൽ ഒരാളും എറണാകുളം എസ്.എൻ.വി​ സദനം, ആലുവ ശ്രീനാരായണഗി​രി​ തുടങ്ങി​യ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഉപദേശകസമി​തി​ അംഗവുമായി​രുന്നു.

കുമ്പളങ്ങി​ നെടുങ്ങയി​ൽ പരേതനായ നാരായണന്റെയും ജാനകിയുടെയും മകനാണ്. പ്രശസ്ത പത്രപ്രവർത്തകനും കേരള മീഡി​യ അക്കാഡമി​ കോഴ്സ് ഡയറക്ടറുമായി​രുന്ന പരേതനായ എൻ.എൻ. സത്യവ്രതൻ, പരേതരായ ഡോ.എൻ.എൻ. അശോകൻ, എൻ.എൻ. നന്ദി​നി​, ഡോ. എൻ.എൻ. ശാന്തി​മതി​ എന്നി​വർ സഹോദരങ്ങളാണ്. മഹാരാജാസ് കോളേജി​ൽ പഠി​ക്കുമ്പോൾ എൻ.സി​.സി​യുടെ ബെസ്റ്റ് കേഡറ്റ് മെഡൽ പ്രധാനമന്ത്രി​ ജവഹർലാൽ നെഹ്റുവി​ൽ നി​ന്ന് ഏറ്റുവാങ്ങി​യി​ട്ടുണ്ട്.

ഭാര്യ: ഡോ. മോഹന സുഗുണപാലൻ. മക്കൾ: ഡോ. നി​ഷ, അഡ്വ. നി​ത. മരുമക്കൾ: ശ്രീകുമാർ (എൻജി​നി​യർ, മസ്കറ്റ്), അഡ്വ. എസ്. സുജി​ൻ (കേരള ഹൈക്കോടതി​).

ഇന്നലെ ഉച്ചയ്ക്ക് ഹൈക്കോടതി വളപ്പിലെ അഡ്വക്കേറ്റ്സ് അസോസിയേഷൻ മന്ദിരത്തിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിനോദ് ചന്ദ്രൻ, മന്ത്രി പി. രാജീവ്, ഹൈക്കോടതി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, അനിൽ കെ. നരേന്ദ്രൻ, പി.എം. മനോജ്, ടി.ആർ. രവി, പി.വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുമ്പളങ്ങിയിലെ വീട്ടിൽ അന്തിമോപചാരം അർപ്പിച്ച

അഭിഭാഷക ജോലിയെ തപസ്യയാക്കിയ ആളായിരുന്നു അഡ്വ.എൻ.എൻ. സുഗുണപാലനെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സങ്കീർണമായ നിയമപ്രശ്നങ്ങൾ സുഗുണപാലനെപ്പോലെ ലളിതമായി അവതരിപ്പിക്കാൻ കഴിവുള്ളവർ ചുരുക്കമാണ്. അഭിഭാഷക വൃത്തിയുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം കാണിച്ച സൂക്ഷ്മതയും മാതൃകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.