വീട്ടിൽ പാർക്ക് ചെയ്ത വാഹനത്തിന് ഫാസ്റ്റ് ടാഗ് ഫീസ്!
Tuesday 02 December 2025 8:36 PM IST
നെടുമ്പാശേരി: വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന് ടോൾ ഉപയോഗിച്ചുവെന്ന സന്ദേശത്തോടെ ഫാസ്റ്റ് ടാഗിൽ നിന്ന് ഫീസ് ഈടാക്കിയതായി പരാതി. നെടുമ്പാശേരി സ്വദേശി ലൈജൻ ദേവസ്സിയുടെ ഫോണിലാണ് കുമ്പളം ടോൾ പ്ളാസയിൽ നിന്ന് ഇന്നലെ രാവിലെ ടോൾ ഉപയോഗിച്ചുവെന്ന സന്ദേശത്തോടെ 45 രൂപ ഫീസ് ഈടാക്കിയത്.
രാവിലെ വീട്ടുമുറ്റത്ത് കാർ വൃത്തിയാക്കുന്നതിനിടെ 7.25ന് ഐ.ഡി.എഫ്.സി ബാങ്കിലെ അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്ത സന്ദേശമെത്തി. പൊലീസ് സൈബർ സെല്ലിൽ പരാതി നൽകിയപ്പോൾ കുമ്പളം ടോൾ പ്ളാസയിൽ പരാതി നൽകാൻ നിർദ്ദേശിച്ചു. എന്നാൽ 45 രൂപക്കായി കുമ്പളം വരെ സഞ്ചരിക്കുക അസാദ്ധ്യമായതിനാൽ ടോൾ പ്ളാസയിലെ മൂന്ന് മൊബൈൽ നമ്പറുകളിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.
സുഹൃത്തുക്കൾക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും ലൈജൻ പറഞ്ഞു. ഇനിയും ഇതാവർത്തിക്കുമോ എന്ന ആശങ്കയിലാണ് ലൈജൻ.