കാനത്തിൽ ജമീല ഇനി ഓർമ; ആയിരങ്ങളുടെ അന്ത്യാഞ്ജലി
കൊയിലാണ്ടി: സി.പി.എം നേതാവും കൊയിലാണ്ടിയുടെ എം.എൽ.എയുമായ കാനത്തിൽ ജമീലയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺഹാളിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സ്പീക്കറും മന്ത്രിമാരും പ്രതിപക്ഷ പാർട്ടി നേതാക്കളുമടക്കം നൂറുകണക്കിനാളുകൾ ആദരവർപ്പിച്ചു.
ശനിയാഴ്ച അന്തരിച്ച കാനത്തിൽ ജമീല എം.എൽ.എയുടെ ഭൗതിക ശരീരം ഒരു നോക്കു കാണാനായി മണ്ഡലത്തിലും പുറത്തു നിന്നുമായി ആയിരങ്ങളാണ് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിലെത്തിയത്. രാവിലെ പത്തരയ്ക്ക് കെ.എസ്.ആർ.ടി.സി ബസിൽ എത്തിച്ച ഭൗതിക ശരീരം കാണാനായി മണിക്കൂറുകൾക്കു മുൻപു തന്നെ വിവിധ മേഖലയിലെ ജനങ്ങൾ എത്തിയിരുന്നു. സി.പി.എം നേതാക്കളും എം.എൽ.എ യുടെ ഭർത്താവും മകളും മറ്റു കുടുംബാംഗങ്ങളും എത്തിയിരുന്നു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, സർക്കാരിന്റെയും ഇതര സ്ഥാപനങ്ങളിലേയും ജീവനക്കാർ, പൊലീസുകാർ, ജഡ്ജിമാർ, വക്കീലൻമാർ, തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നും നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. ചുമട്ടുതൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, സ്‌കുളുകളിലെ എൻ.സി.സി, എസ്.പി.സി തുടങ്ങിയവരെല്ലാം അവരുടെ യൂനിഫോമിലാണ് വരിയായെത്തിയത്. വിവിധ സ്ഥലങ്ങളിലെ പൊതു ദർശനത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയൽക്കടവ് ജുമാമസ്ജിദിലെ ഖബർസ്ഥാനിൽ കബറടക്കി. മേയ്ത്ര ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം രാവിലെ എട്ടോടെ സി.പി.എം നേതാക്കളും കുടുംബാംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. അർബുദബാധയെ തുടന്ന് ചികിത്സയിലായിരുന്ന എം.എൽ.എ ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്.