കോഴിക്കോടിന് ഒരു കുലുക്കവുമില്ല; ആർ.ജി.ഡി കരുത്തുകാട്ടും മനയത്ത് ചന്ദ്രൻ ആർ.ജെ.ഡി, കേന്ദ്ര കമ്മിറ്റിയംഗം

Wednesday 03 December 2025 12:11 AM IST
മനയത്ത് ചന്ദ്രൻ

വടകര: കോഴിക്കോടിന് ഒരു കുലുക്കവുമില്ല, കോർപ്പറേഷനും ജില്ലാപഞ്ചായത്തും ഇടതുപക്ഷത്ത് തന്നെ ഉറച്ചുനിൽക്കും. മറ്റുള്ള അവകാശ വാദങ്ങളെല്ലാം വെറുതെയാണ്. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലും നഗരസഭകളിലും പഞ്ചായത്തുകളിലുമായി 126 സീറ്റുകളിൽ മത്സരിക്കുന്ന ആർ.ജെ.ഡി സീറ്റ് നിലയും വോട്ടും വർദ്ധിപ്പിച്ച് നില മെച്ചപ്പെടുത്തും. കഴിഞ്ഞ വർഷം 128 സീറ്റുകളിൽ മത്സരിച്ച ആർ.ജെ.ഡി 58 സീറ്റുകളാണ് നേടിയത്. ആർ.ജെ.ഡി അഞ്ച് ജില്ല പഞ്ചായത്ത് ഡിവിഷനുകളിലാണ് മത്സരിക്കുന്നത്. അരിക്കുളം, അഴിയൂർ, പയ്യോളി അങ്ങാടി,നരിക്കുനി എന്നിവിടങ്ങളിൽ മത്സരിക്കുന്നു. കഴിഞ്ഞതവണ രണ്ട് സീറ്റുകൾ വിജയിച്ചിരുന്നു. ഏറാമല പഞ്ചായത്തിൽ 10 സീറ്റിൽ സീറ്റിൽ ആർ.ജെ.ഡി മത്സരിക്കുന്നുണ്ട്. യു.ഡി.എഫ് - ആർ.എം.പി.ഐ നേതൃത്വം നൽകുന്ന ജനകീയ മുന്നണി ഭരിക്കുന്ന ഏറാമല പഞ്ചായത്ത് നേരത്തെ ആർ.ജെ.ഡിയുടെ ശക്തി കേന്ദ്രമായിരുന്നു.

ശക്തമായ മത്സരം നടക്കുന്ന ഏറാമലയിൽ അധികാരം ഇത്തവണ തിരിച്ചുപിടിക്കും. ഒരു സീറ്റിന് അധികാരം നഷ്ടപ്പെട്ട ഒഞ്ചിയത്തും ആർ.ജെ.ഡി ഇടതുമുന്നണിക്ക് വേണ്ടി ശക്തമായ പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്. തുല്യ സീറ്റുകൾ വന്നപ്പോൾ കഴിഞ്ഞതവണ അഴിയൂരിൽ നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് ഭരണം തീരുമാനിച്ചത്. ജനകീയ മുന്നണിയായിരുന്നു അധികാരത്തിൽ ഉണ്ടായിരുന്നത്. ഇത്തവണ അഴിയൂരിൽ ഇടതുപക്ഷം അധികാരത്തിൽ എത്തും. വടകര നഗരസഭ കൊയിലാണ്ടി എന്നിവിടങ്ങളിലും ഏതാനും സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ചോറോട് പഞ്ചായത്തിലും വില്യാപ്പള്ളി പഞ്ചായത്ത് ആർ.ജെ.ഡിയുടെ സ്വാധീനം ഇടതുപക്ഷത്തെ ശാക്തീകരിക്കും. ഇവിടെയെല്ലാം ഇടതുപക്ഷത്തിന്റെ ശക്തി പ്രകടനങ്ങൾക്കൊപ്പം ആർ.ജെ.ഡി സജീവമായി തന്നെ പ്രവർത്തനം നടത്തിവരുന്നുണ്ട്. വടകര നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തമായ മുന്നേറ്റം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രകടമാകും. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം കഴിഞ്ഞ കാലങ്ങളിൽ ഇടതുപക്ഷം ഭരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ടാക്കിയ നേട്ടങ്ങളും മുതൽക്കൂട്ടാവും.