കൈയടി നേടി 'കിളിമഞ്ചാരോ ലൈബ്രറി'
ആലത്തൂർ: 64-ാമത് റവന്യു ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകത്തിൽ കാണികളുടെ കൈയ്യടി നേടി ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ അരങ്ങിലെത്തിച്ച 'കിളിമഞ്ചാരോ ലൈബ്രറി'. ഒരു നാട്ടിലെ അവസാനത്തെ ലൈബ്രറിയെ നിലനിറുത്താൻ ആ നാട്ടിലെ ഒരു കള്ളൻ നടത്തുന്ന പോരാട്ടമാണ് നാടകത്തിന്റെ പ്രമേയം.
കിളിമഞ്ചാരോ ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കുന്നവർ ആരും അത് തിരികെ നൽകാറില്ല. ഇത്തരത്തിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ലൈബ്രറിയെ രക്ഷിക്കാൻ ആ നാട്ടിലെ കള്ളൻ വൈയനക്കാരെടുത്ത പുസ്തകം അവരുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച് ലൈബ്രറിയിലേക്ക് തിരിച്ചെത്തിക്കുകയാണ്. കൂടാതെ ലൈബ്രറി സംരക്ഷിക്കാനായി ആ കള്ളൻ വായന സമരത്തിന് തുടക്കം കുറിക്കുന്നതാണ് നാടകം. കള്ളൻ, ലൈബ്രേറിയൻ, പ്രസിഡന്റ്, തങ്ങൾ, ഫ്രീക്കൻ, നാട്ടുകാരൻ എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ.
പ്രമേയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ പുതുമയും കിളിമഞ്ചാരോ ലൈബ്രറിയെ ഹൃദ്യമായ അനുഭവമാക്കി മാറ്റി. എറണാകുളം സ്വദേശിയായ നാടക - സിനിമ പ്രവർത്തകൻ അശ്വിൻ സുന്ദറാണ് നാടകം എഴുതി സംവിധാനം ചെയ്തത്. സുബിനാണ് കള്ളനായി വേഷമിട്ടത്. അനന്യ, അതുൽ, ശിവഗംഗ, ദേവശ്രീ, ആഗ്നേയ, ചേതന, കാർത്തിക എന്നിവരാണ് മറ്റുവേഷങ്ങളും അണിയറയിലും പ്രവർത്തിച്ചത്.