മൂന്നരപതിറ്റാണ്ടിന്റെ കലോത്സവ ലഹരിയിൽ രണ്ട് അദ്ധ്യാപകർ
ഈ മേളയോടെ വിരമിക്കും
ആലത്തൂർ: കലാ,ശാസ്ത്ര,കായിക മേളകളിൽ ഉപജില്ലമുതൽ സംസ്ഥാനതലംവരെ വിവിധ കമ്മിറ്റികളുടെ കൺവീനറായും അംഗങ്ങളായും സേവനം നടത്തിയ രണ്ട് അദ്ധ്യാപകർ അവസാന കലോത്സവത്തിന്റെ ചുമതലയിലാണ്. ഇത്തവണത്തെ കലോത്സവത്തിൽ പാലക്കാട് മൂത്താന്തറ കെ.എസ്.ബി സ്‌കൂൾ അദ്ധ്യാപകൻ എ.ജെ.ശ്രീനി സ്വീകരണകമ്മിറ്റി കൺവീനറും വല്ലങ്ങി വി.ആർ.സി.എം യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകൻ ഷാജി എസ്.തെക്കേതിൽ പ്രോഗ്രാം കമ്മിറ്റി കൺവീനറുമാണ്. എ.ജെ.ശ്രീനി, 1990 മുതൽ 36 വർഷമായി അദ്ധ്യാപക ജീവിതത്തോടൊപ്പം കലാ കായിക മേഖലയിൽ കുട്ടികളെ മികവുറ്റവരാക്കാനുള്ള ശ്രമത്തിലാണ്. ജില്ലാ അക്കാദമി കൗൺസിൽ, ജില്ല പാഠ്യാനുബന്ധ സമിതി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി , വിദ്യാഭ്യാസ വകുപ്പിന്റെ ഫിനാൻസ് കമ്മിറ്റി എന്നിവയിൽ അംഗവും നിലവിൽ വിദ്യാഭ്യാസ വകുപ്പിന്റെ ക്യു.ഐ.പിയിൽ(ഗുണനിലവാര സമിതി) ജില്ലയിലെ ഏറ്റവും മുതിർന്ന അംഗവുമാണ്. സ്‌കൂൾ, കോളേജ് കാലത്ത് മിമിക്രി, മേണോ ആക്ട്, പ്രസംഗം, കവിത രചന തുടങ്ങിയവയിൽ ജില്ലാ തലത്തിലും ഇന്റർസോൺ വിജയിയാണ് എ.ജെ.ശ്രീനി. ഇപ്പോൾ ദേശീയ അദ്ധ്യാപക പരിഷത്ത്(എൻ.ടി.യു.) സംസ്ഥാന സെക്രട്ടറി, എഫ്.ഇ.ടി.ഒ. സംസ്ഥാന അധ്യക്ഷൻ ചുമതലകളും വഹിക്കുന്നുണ്ട്. ഷാജി എസ്.തെക്കേതിൽ 1989 മുതൽ 35 വർഷമായി കലാ ശാസ്ത്ര കായിക മേളകളിൽ സബ്ജില്ലാ റവന്യൂജില്ലാ സംസ്ഥാന തലത്തിൽ വിവിധ കമ്മിറ്റികളുടെ കൺവീനർ ആയിരുന്നു. ജില്ലാ അക്കാദമി കൗൺസിൽ, ജില്ല പാഠ്യാനുബന്ധ സമിതി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, വിദ്യാഭ്യാസ വകുപ്പിന്റെ ഫിനാൻസ് കമ്മിറ്റികളിലും നിലവിൽ ജില്ല ക്യു. ഐ.പിയിലും സജീവ അംഗമാണ്. കെ.പി.എസ്.ടി.എ ജില്ല അദ്ധ്യക്ഷനുമാണ്. 2025 മാർച്ചോടെ കലോത്സവ വേദികളോട് വിട പറയുകയാണ് ഇരുവരും.