മസാല ബോണ്ട്: കിഫ്ബി നിയമവും വ്യവസ്ഥകളും ലംഘിച്ചിട്ടില്ലെന്ന് സർക്കാർ
തിരുവനന്തപുരം:മസാല ബോണ്ട് വഴി കിട്ടിയ പണത്തിൽ നിന്ന് വ്യവസ്ഥകൾ ലംഘിച്ച് 466 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം വസ്തുതാപരമല്ലെന്ന് സംസ്ഥാന സർക്കാർ .ഇക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തും.
വിദേശത്തു നിന്ന് മസാല ബോണ്ട് വഴി കിഫ്ബി ധനസമാഹരണം നടത്തിയത് വിദേശകാര്യ മന്ത്രാലയവും റിസർവ് ബാങ്കും പുറപ്പെടുവിച്ച മാർഗരേഖയനുസരിച്ചാണ്.മസാല ബോണ്ട് വഴിയുള്ള പണം ഉപയോഗിച്ചതു ഭൂമി വാങ്ങാനല്ല, വികസനപദ്ധതികൾക്കുള്ള ഭൂമി ഏറ്റെടുക്കലിനാണ്.മസാല ബോണ്ടിലൂടെ കിട്ടിയ 2150 കോടി രൂപ 339 പദ്ധതികൾക്കാണ് ചെലവാക്കിയത്. 2019ൽ ബോണ്ടു വഴി 2150 കോടി രൂപ സമാഹരിച്ചു. അഞ്ചു വർഷമായിരുന്നു കാലാവധി. മുതലും പലിശയും ഉൾപ്പെടെ 3195 കോടിരൂപ കിഫ്ബി തിരിച്ചടച്ചു.
മസാലബോണ്ടിലൂടെ 9.72ശതമാനം നിരക്കിൽ പണം സമാഹരിച്ചത് സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നും ഇതിലും കുറഞ്ഞ നിരക്കിൽ ആഭ്യന്തര വിപണിയിൽനിന്ന് പണം സമാഹരിക്കാമായിരുന്നു എന്നുമുള്ള പ്രതിപക്ഷ വിമർശനവും സർക്കാർ തള്ളി. ടെൻഡർ ചെയ്തപ്പോൾ 10.15ശതമാനമായിരുന്നു നിരക്ക്. ആന്ധ്രപ്രദേശ് കാപ്പിറ്റൽ റീജണൽ 10.72ശതമാനവും. മസാല ബോണ്ടിന് 9.72ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഡോളറിന്റെ ഉയർച്ചതാഴ്ചകൾ വിനിമയത്തെ ബാധിക്കാതിരിക്കാനാണ് ഇന്ത്യൻ രൂപയിൽ മസാലബോണ്ട് വഴി ധനം സമാഹരിച്ചത്. അതു കൊണ്ട് സംസ്ഥാനത്തിന് നഷ്ടമുണ്ടായിട്ടില്ല.
ഒന്നും ഒളിക്കാനില്ല:
കിഫ്ബി സിഇഒ
മസാല ബോണ്ടിൽ ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നും ഏതു തരത്തിലുള്ള നിയമ പരിശോധനയ്ക്കും തയ്യാറാണെന്നും കിഫ്ബി സിഇഒ ഡോ.കെ.എം.എബ്രഹാം പറഞ്ഞു. ഫെമ ഉൾപ്പെടെ ഒരു ചട്ടവും ലംഘിച്ചിട്ടില്ല.മസാല ബോണ്ടു വഴി സമാഹരിച്ചതിൽ 466 കോടി ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്ന ആക്ഷേപം ശരിയല്ല.66 കോടിയേ ഉപയോഗിച്ചുള്ളൂ.
മസാല ബോണ്ട്: വിശദീകരണം തൃപ്തികരമല്ലെങ്കിൽ വൻ പിഴ
കൊച്ചി: കിഫ്ബിയുടെ മസാല ബോണ്ട് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മുഖ്യമന്ത്രി ഉൾപ്പെടെ 30 ദിവസത്തിനകം വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ചെലവഴിച്ച തുകയുടെ രണ്ടിരട്ടി വരെ പിഴ ഈടാക്കാൻ ഇ.ഡി നിയമത്തിൽ വ്യവസ്ഥയുണ്ട്. 30 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് നവംബർ 12ന് നൽകിയ നോട്ടീസിൽ നിർദ്ദേശിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവരോട് വീണ്ടും വിശദീകരണം തേടാനും കൂടുതൽ വിശദാംശങ്ങൾ തേടാനും വ്യവസ്ഥയുണ്ട്. നിയമലംഘനം സ്ഥിരീകരിച്ചാൽ ഇ.ഡിയുടെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി പിഴ നിശ്ചയിക്കും. സാധാരണഗതിയിൽ 20 മുതൽ 30 % വരെയാണ് ഈടാക്കുക. പിഴത്തുക കിഫ്ബി അടയ്ക്കേണ്ടിവരും. പിഴയടച്ചില്ലെങ്കിൽ നോട്ടീസ് ലഭിച്ചവർക്ക് തടവുശിക്ഷയ്ക്കും നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് ഇ.ഡി വൃത്തങ്ങൾ 'കേരളകൗമുദി"യോട് പറഞ്ഞു. മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ച തുക ഉപയോഗിച്ച് സ്ഥലം വാങ്ങുകയല്ല, വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തെതെന്നാണ് കിഫ്ബിയുടെ വിശദീകരണം. ഇക്കാര്യം രേഖകൾ സഹിതം ബോദ്ധ്യപ്പെടുത്തുകയാണ് കിഫ്ബിയുടെ ദൗത്യമെന്ന് നിയമവൃത്തങ്ങൾ പറയുന്നു. ലണ്ടൻ, സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി സമാഹരിച്ച തുകയിൽ 4661.91 കോടി രൂപ സ്ഥലം വാങ്ങാൻ ചെലവഴിച്ചത് വിദേശനാണയ വിനിമയച്ചട്ടം (ഫെമ), റിസർവ് ബാങ്ക് മാർഗനിർദ്ദേശങ്ങൾ എന്നിവ ലംഘിച്ചാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രിക്ക് പുറമെ മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രാഹം, കിഫ്ബി എന്നിവർക്കാണ് നോട്ടീസ് നൽകിയത്.