' ഇളയച്ഛനും മക്കളുമാണേ സ്ഥാനാർത്ഥികൾ'

Wednesday 03 December 2025 12:47 AM IST
. കനകരാജ്(സി.പി.എം) , സുധീഷ് (ബി.ജെ.പി) അഖിലേഷ് (കോൺ)

ചേളന്നൂർ: ചേളന്നൂർ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 18-ാം വാർഡിൽ ഒരേ കുടുംബത്തിലെ ഇളയച്ഛനും മക്കളുമാണ് തമ്മിൽ മത്സരിക്കുന്നത്. രക്തബന്ധത്തിൽ ഒന്നാണെങ്കിലും രാഷ്ട്രീയ രംഗത്ത് മൂവരും മൂന്ന് വഴികളിലാണ് നിലകൊള്ളുന്നത്. ഈ മൂവർ സംഘത്തിൻ്റെ ത്രികോണ മത്സരം വാർഡിൽ വലിയ ചര്‍ച്ചയും വോട്ടർമാർക്ക്

കൗതുകവുമാണ്. സി.പി.എം സ്ഥാനാർത്ഥി വി. കനകരാജ്, യു.ഡി.എഫ് സ്ഥാനാർത്ഥി വി. അഖിലേഷ്,

ബി.ജെ.പി സ്ഥാനാർത്ഥി പി.ടി. സുധീഷ്, ഇവരാണ് മത്സരിക്കുന്നത്. വാർഡിലെ കോൺഗ്രസിൻ്റെ കുത്തക ഇടതുപക്ഷ വോട്ടുകൾ കൊണ്ട് മറികടക്കാൻ കഴിയുമെന്ന് വി. കനകരാജനും ഭരണ തുടർച്ച ലക്ഷ്യമിട്ട് അഖിലേഷും രംഗത്തിറങ്ങുമ്പോൾ, ലോകസഭ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് നിന്ന ജനപ്രീതി ഉയർത്തി ഒന്നാം സ്ഥാനത്തേക്ക് എത്താൻ സുധീഷും ശ്രമിക്കുന്നു. വാസ്തു ശിൽപ്പശാസ്ത്ര വിദഗ്ധനായ കുമാരനാചാരിയുടെ മകനാണ് വി. കനകരാജ്. അദ്ദേഹത്തിന്റെ സഹോദരന്മാരുടെ മക്കളാണ് അഖിലേഷും സുധീഷും. വിശ്വകർമ സഭ മുൻ സംസ്ഥാന സെക്രട്ടറി പരേതനായ പി.ടി. വാസുവിൻ്റെ മകനുമാണ് പി.ടി. സുധീഷ്. വാസ്തു വിദഗ്ധനായ കൃഷ്ണൻ ആചാരിയുടെ മകനാണ് വി. അഖിലേഷ്. വെള്ളിയാറാട്ട് ദേവി ക്ഷേത്രത്തിന്റെ ഭാരവാഹികളും കൂടാതെ കാർപെന്റർ ജോലികൾ ഒരുമിച്ച് ചെയ്യുന്നവരുമാണ് ഇവർ.