പരിമിതികളെ മറന്ന് യാസിൻ
ഇന്ന് രാഷ്ട്രപതിയിൽ നിന്ന് ശ്രേഷ്ഠ ദിവ്യാംഗ് പുരസ്കാരം ഏറ്റുവാങ്ങും
ആലപ്പുഴ: ഇരുകൈകൾക്കും കാലുകൾക്കും ഏറെ പരിമിതികളുണ്ട് മുഹമ്മദ് യാസിൻ എന്ന എട്ടാംക്ലാസുകാരന്. മുട്ടോളം മാത്രം വളർച്ചയുള്ള വലതുകൈ കൊണ്ട് യാസിൻ കീ ബോർഡിൽ വായിക്കുന്ന സംഗീതത്തിന് പരിധികളില്ല. ഭാരതസർക്കാരിന്റെ ഭിന്നശേഷി പ്രതിഭകൾക്കുള്ള ശ്രേഷ്ഠ ദിവ്യാംഗ് പുരസ്ക്കാരം ഇന്ന് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങുകയാണ് യാസിൻ.
മൂന്ന് വർഷം മക്കളില്ലാതിരുന്ന ഓച്ചിറ പ്രയാർ വടക്ക് എസ്.എസ്.മൻസിലിൽ ഷാനവാസിനും ഷൈലയ്ക്കും ഏറെ ആഗ്രഹിച്ച് പിറന്ന കുഞ്ഞിന് ഇരുകൈകളുമില്ല. ഒരു കാലും. വലതുകാലിൽ ആകെയുള്ളത് മൂന്ന് വിരലുകൾ. സ്വയം നിരങ്ങാൻ പോലും അറിയാതെ കിടക്കുന്ന മകനെ നോക്കി കരഞ്ഞു തീർത്തത് വീണ്ടും മൂന്ന് വർഷങ്ങൾ. എന്നാൽ, പാട്ട് കേട്ടാൽ കരച്ചിൽ നിറുത്തി ആസ്വദിക്കുന്ന യാസിൻ ക്രമേണ പാടിത്തുടങ്ങി. കാൽ വിരലിൽ പെൻസിൽ കോർത്ത് പടങ്ങൾ വരച്ചു. കൊവിഡുകാലത്ത് അച്ഛൻ വാങ്ങിക്കൊടുത്ത ചെറിയ കീബോർഡാണ് വഴിത്തിരിവായത്. അതിൽ യാസിൻ വായിച്ച സ്വരങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തി. അൽ അമീനാണ് സഹോദരൻ.
സുരേഷ് ഗോപിയുടെ
വീട്ടിൽ പ്രഭാത ഭക്ഷണം
പുരസ്കാരം വാങ്ങാൻ രാജ്യതലസ്ഥാനത്തെത്തിയ യാസിന് ഇന്നലെ മറ്റൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനം കൂടിയായിരുന്നു. ഇഷ്ടതാരം സുരേഷ് ഗോപിയുടെ അതിഥിയായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു യാസിനും കുടുംബത്തിനും പ്രഭാത ഭക്ഷണം. സുരേഷ് ഗോപിയുടെ ഓരോ പിറന്നാളിനും കമ്മീഷണർ സിനിമിലെ ബി.ജി.എമ്മുകൾ കീ ബോർഡിൽ വായിച്ച് വീഡിയോയാക്കി അയയ്‌ക്കും. എന്നാൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് എൻ.ഹരി, യാസിന്റെ വീട്ടിലെത്തിയപ്പോഴാണ് സുരേഷ് ഗോപിയോടുള്ള ആരാധന നേരിൽ കണ്ടത്. ഉടൻതന്നെ സുരേഷ് ഗോപിയെ വീഡിയോ കോൾ ചെയ്തു. അരമണിക്കൂറോളം സംസാരിച്ചു.തുടർന്നായിരുന്നു ക്ഷണം.
പ്രഭാതഭക്ഷണത്തിന് ശേഷം ടാബിലെ കീ ബോർഡിൽ യാസിൻ കമ്മീഷണർ ബി.ജി.എമ്മും വന്ദേ മാതരവും വായിച്ചു. ഉടൻതന്നെ തമിഴ് സംഗീതജ്ഞൻ രമേശ് വിനായകത്തെ വീഡിയോ കോളിൽ വിളിച്ച് യാസിനെ പരിചയപ്പെടുത്തി. ഗമക ബോക്സ് നൊട്ടേഷണൽ സിസ്റ്റം കോഴ്സിൽ യാസിനെ ചേർക്കാമെന്നും സുരേഷ് ഗോപി വാക്കു നൽകി.