കാനത്തിൽ ജമീല ഇനി ഓർമ്മ
കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയ്‌ക്ക് കണ്ണീർവിട നൽകി നാട്. കോഴിക്കോട് സി.പി.എം ഓഫീസിലും കൊയിലാണ്ടി ടൗൺഹാളിലും പൊതുദർശനത്തിനുവച്ചപ്പോൾ ആയിരങ്ങൾ അന്ത്യാഭിവാദ്യമർപ്പിച്ചു. ഔദ്യോഗിക ബഹുമതികൾക്ക് ശേഷം വൈകിട്ട് അത്തോളി കുനിയൽക്കടവ് ജുമാമസ്ജിദിലെ കബർസ്ഥാനിൽ കബറടക്കി. അർബുദ ബാധയെത്തുടർന്ന് ശനിയാഴ്ച അന്തരിച്ച ജമീലയുടെ മൃതദേഹം കോഴിക്കോട് മെയ്‌ത്ര ഹോസ്പിറ്റലിൽ നിന്ന് രാവിലെ എട്ടോടെയാണ് സി.പി.എം നേതാക്കളും കുടുംബാംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങിയത്. സ്പീക്കർ എ.എൻ. ഷംസീർ,മന്ത്രിമാരായ കെ. രാജൻ, എം.ബി. രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, ആർ. ബിന്ദു, വീണ ജോർജ്, വി. അബ്ദുറഹ്മാൻ, ഒ.ആർ. കേളു, മേയർ ബീന ഫിലിപ്പ്, ഷാഫി പറമ്പിൽ എം.പി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം കെ. പ്രകാശ്ബാബു, മുസ്ലീംലീഗ് നേതാവ് പി.കെ. ബഷീർ എം.എൽ.എ, ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ, ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു.