കെ.എം.ഷാജഹാന്റെ വീട്ടിൽ റെയ്ഡ്

Wednesday 03 December 2025 1:55 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വിവാദ പരാമർശം നടത്തിയ കേസിൽ രാഷ്ട്രീയ വിമർശകനും യൂട്യൂബറുമായ കെ. എം. ഷാജഹാന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. ഷാജഹാനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. വാറണ്ട് നേടിയാണ് റെയ്ഡിനെത്തിയത്. ശബരിമല ചീഫ് കോ ഓർഡിനേറ്റർ കൂടിയായ എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് ഷാജഹാനെതിരായ കേസ്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പൊലീസ് സേനയ്ക്കും പങ്കുണ്ടെന്ന് യൂട്യൂബ് ചാനലിലൂടെ പ്രസ്താവന നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്. എ.ഡി.ജി.പിക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന തരത്തിൽ 3 വീഡിയോ ചെയ്തെന്നാണ് പരാതി. എഡിജിപിയോടും സേനയോടും ശബരിമലയിലെ ഭക്തജനങ്ങൾക്ക് അവമതിപ്പും അവഞ്ജയും തോന്നിപ്പിക്കുന്ന തരത്തിലാണ് വീഡിയോയിലെ പരാമർശങ്ങളെന്നാണ് പൊലീസ് കണ്ടെത്തൽ.