വംശനാശം സംഭവിച്ചെന്ന് കരുതിയ സസ്യത്തെ 175 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

Wednesday 03 December 2025 12:59 AM IST
കമ്പെലിയ ഒറൻഷ്യാക

കൽപ്പറ്റ: ഭൂമുഖത്ത് നിന്ന് വേരറ്റു പോയെന്നു കരുതിയിരുന്ന പുഷ്പിത പരാദസസ്യത്തെ 175 വർഷങ്ങൾക്ക് ശേഷം വയനാട് തൊള്ളായിരം ഭൂപ്രദേശത്തുനിന്നും കണ്ടെത്തി. ഒറോബാഞ്ചെസീ സസ്യ കുടുംബത്തിൽ ഉൾപ്പെടുന്ന 'കമ്പെലിയ ഒറൻഷ്യാക' എന്ന സസ്യത്തെ ആണ് കണ്ടെത്തിയത്. കൽപ്പറ്റ എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ഗവേഷകനായ സലിം പിച്ചൻ, ആലപ്പുഴ സനാതന ധർമ്മ കോളേജിലെ സസ്യശാസ്ത്ര ഗവേഷകരായ ഡോ. ജോസ് മാത്യു, അരുൺരാജ്, ഡോ. വി.എൻ. സഞ്ജയ്, ശ്രീലങ്കയിലെ പെരാഡീനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ബി. ഗോപല്ലാവ എന്നിവർ ആണ് ഈ നിർണായക കണ്ടെത്തലിന് പിന്നിൽ.

1849 ന് മുൻപ് തമിഴ്നാട്ടിലെ നടുവട്ടത് നിന്ന് റോബർട്ട് വൈറ്റ് ആണ് ഈ സസ്യത്തെ ആദ്യമായി കണ്ടെത്തി ശാസ്ത്രലോകത്തിന് മുൻപിൽ അവതരിപ്പിച്ചത്. പിന്നീട് കാണാത്തതിനാൽ ഒന്നര നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകം ഈ സസ്യത്തിന്റെ സ്വഭാവഗുണങ്ങളെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ക്രിസ്റ്റിസോണിയ ബൈക്കളർ എന്ന സസ്യം തന്നെ ആവാം ഇതെന്ന് കരുതിപ്പോരുകയും ചെയ്തു. 2022-23 കാലഘട്ടത്തിൽ വയനാട് തൊള്ളായിരം മേഖലയോട് ചേർന്ന ഭൂപ്രദേശത്തുനിന്ന് കിട്ടിയ സസ്യം റോബർട്ട് വൈറ്റ് വിശദീകരിച്ച കമ്പെല്ലിയ ഓറൻഷ്യക തന്നെ ആണെന്ന് ഉറപ്പിക്കുക എന്നതായിരുന്നു ഗവേഷകരുടെ മുന്നിലെ വെല്ലുവിളി.

പ്രത്യേക ഇനത്തിൽപെട്ട കുറിഞ്ഞി ചെടികളുടെ വേരിൽ നിന്ന് വളർച്ചയ്ക്ക് ആവശ്യമായ പോഷക ഘടകങ്ങൾ വലിച്ചെടുത്ത് ജീവിക്കുന്ന ഈ പൂർണ പരാദ പുഷ്പിത സസ്യം വളരെ കുറച്ചു ആഴ്ചകൾ മാത്രം ജീവിക്കുന്നതാണ്. ഉരുൾപൊട്ടൽ നാശം വിതച്ച ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരത്താണ് ഈ സസ്യത്തെ കണ്ടെത്തിയിരിക്കുന്നത്.