സ്വാശ്രയ നഴ്സിംഗ് ഫീസ് കൂട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ ബി.എസ്‌സി നഴ്സിംഗ്, പോസ്റ്റ് ബേസിക് നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് കോഴ്സുകളിൽ പത്ത് ശതമാനം ഫീസ് വർദ്ധിപ്പിച്ച് സർക്കാർ വിജ്ഞാപനമായി. ഫീസ് വർദ്ധനയ്ക്ക് ജൂലൈയിൽ ഫീ റഗുലേറ്ററി കമ്മിറ്റിയുടെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഫീസാണ് ഇത്തവണ കുട്ടികളിൽ നിന്ന് ഈടാക്കിയത്.
ബി.എസ്‌സിയ്ക്ക് 85 ശതമാനം സീറ്റുകളിലെ ട്യൂഷൻ ഫീസ് 73,205 രൂപയിൽ നിന്ന് 80,328 ആയും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ 95,000 രൂപയായിരുന്നത് 1,04,500 രൂപയുമായാണ് വർദ്ധന. സ്‌പെഷ്യൽ ഫീസ് ആദ്യവർഷം 23,980രൂപയും തുടർന്നുള്ള വർഷങ്ങളിൽ 21,230രൂപയുമാണ്. പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് കോഴ്സിനും സമാനമായ വർദ്ധനവാണ്. എം.എസ്.സി നഴ്സിംഗിന്റെ ട്യൂഷൻ ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 1,10,000 രൂപയുമാക്കി. സ്‌പെഷ്യൽ ഫീസ് എല്ലാവർഷവും 55,000 രൂപ.