കുരുക്ക് മുറുകി കോൺഗ്രസ്

Wednesday 03 December 2025 1:05 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ വീണ്ടും ഉയർന്ന ലൈംഗിക പീഡന പരാതി കോൺഗ്രസിനെ കൂടുതൽ കുരുക്കിലാക്കി. നിലവിൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ പരാതി.

രാഹുലിന്റെ കാര്യത്തിൽ ഇനി അഴകൊഴമ്പൻ സമീപം നടക്കില്ലെന്ന അഭിപ്രായമാണ് പല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുമുള്ളത്. കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾക്ക് മുന്നിൽ കൂടുതൽ നാണം കെടും. ഘടകകക്ഷികൾക്കിടയിലും അസ്വസ്ഥതയുണ്ട്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജി വയ്പിച്ചു, പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെന്റു ചെയ്തു എന്നൊക്കെയുള്ള തൊടുന്യായങ്ങൾ ഇനി വിലപ്പോവില്ല. രാഹുലിനെതിരെ ഇനിയുള്ള നടപടി കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം , കടുത്ത നടപടി വനമെന്നതിന്റെ സൂചനയാണ്.

രാഹുലിനെ അളവറ്ര് പിന്തുണയ്ക്കുന്നുവെന്ന തോന്നൽ ജനങ്ങളിലുണ്ടാവുന്നത്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവും. മാത്രമല്ല, ശബരിമല സ്വർണ്ണത്തട്ടിപ്പ് വിവാദത്തിൽ നിന്ന് തലഉയർത്തി നിൽക്കാമെന്ന ആത്മവിശ്വാസം കൈവന്ന എൽ.ഡി.എഫ് ഇനി രാഹുൽ വിഷയം പരമാവധി കത്തിക്കുകയും ചെയ്യും.രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്നും ,അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും യു.ഡി.എഫിനൊപ്പമുള്ള കെ.കെ.രമ എം.എൽ.എ ഇന്നലെ തുറന്നടിച്ചു. വഴിയെ മറ്റു ഘടകകക്ഷികളും ഇതേ നിലപാടിലേക്ക് വന്നേക്കും

രാഹുലിനെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നത്. ആദ്യമായാണ് തനിക്ക് പരാതി കിട്ടുന്നതെന്നാണ് ഇന്നലെയും അദ്ദേഹം ആവർത്തിച്ചത്. എന്നാൽ രാഹുലിനെതിരെ

നവംബർ 28 ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ പെൺകുട്ടി, അതിന്റെ പകർപ്പ് കെ.പി.സി.സി അദ്ധ്യക്ഷനും മെയിൽ ചെയ്തിരുന്നുവെന്നാണ് സൂചനകൾ. ഇത് ശരിയെങ്കിൽ എന്തിന് ഇക്കാര്യം മറച്ചു വച്ചെന്ന ചോദ്യത്തിനും സണ്ണി ജോസഫ് മറുപടി പറയേണ്ടി വരും.