ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം : കാര്യ ശേഷി മെച്ചപ്പെടും
സർക്കാർ ഓഫീസുകൾ ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിപ്പിക്കുന്നത് ജീവനക്കാർക്കും സർക്കാരിനും മൊത്തത്തിൽ ഗുണകരമാണ്. ആറ് പ്രവൃത്തി ദിനമുള്ള സംസ്ഥാനം രാജ്യത്ത് കേരളം മാത്രമാണ്. ലോകത്ത് ആഴ്ചയിൽ നാല് പ്രവൃത്തി ദിനമുള്ള രാജ്യങ്ങൾ ഏറെയുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം അവധി കൊടുത്താൽ ഉദ്യോഗസ്ഥരുടെ കാര്യശേഷി കൂടുതൽ മെച്ചപ്പെടും. രണ്ടു ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാനും ഓഫീസിലേക്കുള്ള യാത്ര ഒഴിവാക്കാനും കഴിയും. ശനിയാഴ്ചകളിൽ സ്‌കൂളുകളും അവധിയായതിനാൽ കുട്ടികൾക്കൊപ്പം ചെലവഴിക്കാം. സർക്കാരിന് വൈദ്യുതി, ഇന്റർനെറ്റ് അടക്കമുള്ളവയിലുള്ള അധികച്ചെലവും കുറയും..
നിലവിൽ രണ്ടാം ശനി അവധിയായതിനാൽ മാസത്തിൽ മൂന്നു ശനിയാഴ്ചകൾ കൂടി അവധി നൽകിയാൽ മതിയാകും. ഇതിന് ആനുപാതികമായി നഷ്ടപ്പെടുന്ന മണിക്കൂറുകൾ മറ്റു പ്രവൃത്തി ദിവസങ്ങളിൽ കൂട്ടിച്ചേർക്കുകയോ, കാഷ്വൽ ലീവ് കുറയ്‌ക്കുകയോ വേണം.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കാഷ്വൽ ലീവുള്ള സംസ്ഥാനമാണ് കേരളം. പല സംസ്ഥാനങ്ങളിലും 12 മുതൽ 15 വരെ കാഷ്വൽ ലീവുകളാണുള്ളത്. ഏറ്റവും കൂടുതൽ പൊതു അവധിയുള്ള സംസ്ഥാനവും കേരളമാണ്. അതിനാൽ പ്രവൃത്തി സമയത്തിൽ കുറവുണ്ടാകാൻ പാടില്ല.അപേക്ഷകളെല്ലാം ഓൺലൈനിലായതിനാൽ ഏതു ദിവസവും നൽകാനാകും. അഞ്ചു ദിവസവും കാര്യക്ഷമമായി ജോലി ചെയ്‌താൽ അപേക്ഷകളിൽ പെട്ടെന്ന് തീർപ്പാക്കാനുമാവും
കാഷ്വൽ ലീവ്
നഷ്ടമാകരുത്
സംഘടനയുടെ യോഗം ചേർന്ന് നിലപാട് തീരുമാനിക്കുമെന്ന് കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ആർ. നിഷാ ജാസ്മിൻ പറഞ്ഞു.
2022 ലെ പ്രൊപ്പോസലിൽ കാഷ്വൽ ലീവ് നഷ്ടപ്പെടുന്നതിനെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിരുന്നു. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കാഷ്വൽ ലീവ് നഷ്ടപ്പെടുന്നത് ബുദ്ധിമുട്ടാകും . വിഷയം ചർച്ച ചെയ്യാൻ സംഘടനകളുടെ ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട് മറ്റു കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.
ആനുകൂല്യങ്ങൾ
നഷ്ടപ്പെടുത്തരുത്
മാസത്തിൽ മൂന്ന് ശനിയാഴ്ച കൂടി അവധി പ്രഖ്യാപിപ്പിക്കുന്ന തീരുമാനത്തെ സംഘടന സ്വാഗതം ചെയ്യുന്നുവെങ്കിലും ,,നിലവിലെ ലീവടക്കമുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നതിനെ എതിർക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ് എ. എം. ജാഫർഖാൻ പറഞ്ഞു. ചീഫ് സെക്രട്ടറി 5 ന് വിളിച്ച ഓൺലൈൻ യോഗം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നേരിട്ട് നടത്തണം.