പ്രവേശന പരീക്ഷകൾ, പഠനത്തിരക്കിലാണ് വിദ്യാർത്ഥികൾ
തിരുവനന്തപുരം: പ്ലസ് ടുവിന് ശേഷമുള്ള ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾ വരാനിരിക്കെ തീവ്ര പരിശീലനത്തിലാണ് വിദ്യാർത്ഥികൾ. മെഡിക്കൽ, എൻജിനിയറിംഗ് കോഴ്സുകൾക്കൊപ്പം നിയമം, ആർക്കിടെക്ചർ, ഡിസൈൻ, ഹോസ്പിറ്റാലിറ്റി, പൊതു സർവകലാശാലാ ബിരുദ കോഴ്സുകൾ എന്നിവയിലേക്കുള്ള സുപ്രധാന പരീക്ഷകൾ ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കും.
സീറ്റുകൾ പരിമിതമായിരിക്കെ, രാജ്യത്തെ മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടാനുള്ള മത്സരവും കടുപ്പമാണ്. ലക്ഷക്കണക്കിനു വിദ്യാർത്ഥികൾ പങ്കെടുക്കുന്നതിനാൽ, പ്രവേശന പരീക്ഷകളിലെ റാങ്ക് ലക്ഷ്യമിട്ട് കോച്ചിംഗ് സെന്ററുകളിലും വീടുകളിലും പരിശീലനമാരംഭിച്ചു. ഉദ്യോഗാർത്ഥികൾ ആസൂത്രണത്തോടെ പഠനം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രധാന പ്രവേശന പരീക്ഷകൾ
എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള നീറ്റ്-യു.ജി പരീക്ഷ സാധാരണയായി മെയ് മാസത്തിലാണ് നടക്കുക. കഴിഞ്ഞ വർഷം 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതി.
ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയവയ്ക്കായി ജി.ഇ.ഇ മെയിൻ പരീക്ഷ 2സെഷനുകളിലായി ജനുവരിയിലും ഏപ്രിലിലും നടക്കും. 14 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും
എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷകൾ ഏപ്രിൽ, മെയ് മാസങ്ങളിലാണ്. 1.2 ലക്ഷത്തിലധികം വിദ്യാർത്ഥികൾ മത്സരിക്കുന്നു.
ഡൽഹി യൂണിവേഴ്സിറ്റി, ജെ.എൻ.യു ഉൾപ്പെടെയുള്ള കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള സി.യു.ഇ.ടി- യു.ജി പരീക്ഷ മേയ് മാസത്തിൽ നടക്കും. 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് തയ്യാറെടുക്കുന്നത്.
ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള ക്ലാറ്റ് പരീക്ഷ മുൻ വർഷം ഡിസംബർ മാസത്തിലാണ് നടന്നത്. ഏകദേശം 60,000ത്തിലധികം വിദ്യാർത്ഥികൾ മത്സരിക്കുന്നു.
നാഷണൽ അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർട്ടിടെക്ച്ചർ പരീക്ഷ ഏപ്രിൽ, മേയ്, ജൂലായ് മാസങ്ങളിലായി ഒന്നിലധികം തവണ നടത്താറുണ്ട്.