CTET: 18 വരെ അപേക്ഷിക്കാം
നവോദയ സ്കൂൾ, കേന്ദ്രീയ വിദ്യാലയം, സെൻട്രൽ ടിബറ്റൻ സ്കൂൾ തുടങ്ങിയ കേന്ദ്ര സർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അദ്ധ്യാപക നിയമന യോഗ്യതാ മാനദണ്ഡമായ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (CTET) 18 വരെ രജിസ്റ്റർ ചെയ്യാം. അഖിലേന്ത്യാതലത്തിലുള്ള സ്കൂൾ അദ്ധ്യാപക അഭിരുചി പരീക്ഷയാണിത്. സി.ബി.എസ്.ഇയ്ക്കാണ് പരീക്ഷാ നടത്തിപ്പ് ചുമതല. 2026 ഫെബ്രുവരി എട്ടിനാണ് പരീക്ഷ. അപേക്ഷിക്കാൻ വേണ്ട യോഗ്യത,വിശദ വിവരങ്ങൾ ncte.gov.in വെബ്സൈറ്റിൽ.
അപേക്ഷ
ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൺഫർമേഷൻ പേജിന്റെ പ്രിന്റ് ഔട്ട് പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിക്കണം. 23 മുതൽ 26വരെ അപേക്ഷയിലെ തെറ്റുതിരുത്താൻ അവസരമുണ്ട്. 2026 മാർച്ചിൽ ഫലം പ്രസിദ്ധീകരിക്കും. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. മുൻഗണനാടിസ്ഥാനത്തിൽ ഒരു അപേക്ഷകന് 4കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. ജനറൽ/ഒ.ബി.സി വിഭാഗക്കാർക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറിന് 1200 രൂപയുമാണ് അപേക്ഷാഫീസ്. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് ഒരു പേപ്പറിന് 500 രൂപയും 2പേപ്പറിന് 600 രൂപയുമാണ്.
പരീക്ഷ
1 മുതൽ 5വരെ ക്ലാസുകളിലേക്കുള്ള (പ്രൈമറി സ്റ്റേജ്) പേപ്പർ ഒന്ന്, ആറു മുതൽ എട്ടു വരെ ക്ലാസുകളിലേക്കുള്ള (എലിമെന്ററി സ്റ്റേജ്) പേപ്പർ രണ്ട് എന്നിങ്ങനെയാണ് ഘടന. താത്പര്യമുള്ളവർക്ക് രണ്ട് പേപ്പറും എഴുതാം. പേപ്പർ ഒന്ന് ഉച്ചയ്ക്ക് 2.30 മുതൽ 5വരെയും പേപ്പർ രണ്ട് രാവിലെ 9.30മുതൽ ഉച്ചയ്ക്ക് 12വരേയും നടക്കും. നെഗറ്റീവ് മാർക്കില്ല. ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യം ലഭിക്കും. മലയാളമുൾപ്പെടെ 20 ഭാഷകളിൽ പരീക്ഷയെഴുതാം.