'മദ്യപ്രസാദ"ത്തിൽ കുടുങ്ങി അർജുനൻ പോറ്റി

Wednesday 03 December 2025 1:32 AM IST

അർജുനൻ

തിരുവനന്തപുരം: ക്ഷേത്രത്തിന്റെ മറവിൽ ഭക്തർക്ക് 'മദ്യ പ്രസാദം" വിറ്റ അർജുനൻ പോറ്റിക്കിനി കാരാഗൃഹവാസം. നെയ്യാറ്റിൻകര പുന്നക്കോടുള്ള കുടുംബക്ഷേത്രത്തിൽ നിന്ന് തിങ്കളാഴ്ചയാണ് എക്സൈസുകാർ പോറ്റിയെ പിടികൂടിയത്. നെയ്യാറ്റിൻകര സബ് ജയിലിൽ വിശ്രമം. ക്ഷേത്രത്തിൽ ഭഗവാന്മാരുടെ തൃപ്പാദങ്ങൾക്ക് താഴെയുള്ള പ്രത്യേക അറകളിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മദ്യവും പിടികൂടി. ഡ്രൈ ഡേയിലേക്ക് കരുതിയിരുന്ന മാക്ഡവൽ ലക്ഷ്വറി ത്രീ എക്‌സ് റം അര ലിറ്ററിന്റെ 60 കുപ്പികളാണ് പിടിച്ചെടുത്തത്.

അഞ്ചുവർഷം മുമ്പാണ് നാട്ടുകാർക്ക് പോറ്റിയായ പെരുമ്പഴുതൂർ പറയണത്ത് മേലേപുത്തൻവീട്ടിൽ അർജുനൻ (68) ആരാധനയുടെ മറവിൽ മദ്യക്കച്ചവടം തുടങ്ങിയത്.

ആവശ്യക്കാർക്ക് സാധനം ബൈക്കിൽ പറയുന്നിടത്തെത്തിക്കും. അധിക പണവും നൽകണം. മുമ്പ് ഒന്നിലധികം തവണ ഇയാളെ എക്സൈസ് പിടികൂടിയിട്ടുമുണ്ട്.

വീടിന് പിന്നിലായാണ് ക്ഷേത്രം. ഭഗവാന്മാരുടെ ചിത്രങ്ങളാണ് ഇവിടെയുള്ളത്. നിത്യപൂജയുള്ള ഇവിടെ നിരവധി ഭക്തരുമെത്താറുണ്ട്. പക്ഷേ 'ആവശ്യക്കാരായ ഭക്തർക്ക് രഹസ്യമായി 'മദ്യപ്രസാദം" നൽകും.

 'ഭക്തരെ" കാണാൻ പോയി, പിടിയിലായി

തിങ്കളാഴ്ച മദ്യവുമായി 'ഭക്തരെ" കാണാൻ പോകുമ്പോഴാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.കെ.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 'പോറ്റി"യെ പിടികൂടിയത്. അഞ്ച് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് ക്ഷേത്രത്തിലെ മദ്യ ശേഖരത്തെക്കുറിച്ചറിഞ്ഞത്. ഭഗവാന്മാരുടെ ചിത്രങ്ങൾക്ക് താഴെ നിർമ്മിച്ച പ്രത്യേക അറകളിലായിരുന്നു മദ്യം സൂക്ഷിച്ചത്. അറകൾക്ക് തടിയിലുള്ള അടപ്പുണ്ടായിരുന്നതിനാൽ ആർക്കും കാണാനുമാവില്ല. ഒന്നാം തീയതി പോലുള്ള വിശേഷദിവസങ്ങളിലാണ് ക്ഷേത്രത്തിലെ 'പ്രത്യേക പ്രസാദ വിതരണം". കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പോറ്റിയെ ഇന്നലെയാണ് സബ് ജയിലിലെത്തിച്ചത്. പ്രിവന്റീവ് ഓഫീസർ എം.എസ്. അരുൺകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രജിത്ത് കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ഷിന്റോ എബ്രഹാം, ജിനേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.