വില പരിഷ്കരണം നടപ്പായില്ല, താങ്ങാകാതെ താങ്ങുവില
തിരുവനന്തപുരം: വിലയിടിവുണ്ടായാൽ കർഷകരെ രക്ഷിക്കാൻ ഉത്പന്നങ്ങൾ നേരിട്ട് ഏറ്റെടുക്കുന്ന സർക്കാർ പദ്ധതിയിൽ പരിഷ്കാരമില്ലാതെ താങ്ങുവില. 2020ൽ ആരംഭിച്ച പദ്ധതിയിൽ അഞ്ചുവർഷം പിന്നിടുമ്പോഴും മാർക്കറ്റ് വിലയ്‌ക്ക് ആനുപാതികമായി താങ്ങുവിലയിൽ മാറ്റമില്ല. മാർക്കറ്റിൽ വിറ്റാൽ കിട്ടുന്നതിന്റെ നാലിലൊന്ന് വിലപോലും കിട്ടാറില്ല. കിലോയ്ക്ക് 40 രൂപ വിലയുള്ള മരച്ചീനി ആരെങ്കിലും പന്ത്രണ്ട് രൂപയ്ക്ക് സർക്കാരിന് കൊടുക്കുമോയെന്നാണ് കർഷകരുടെ ചോദ്യം. കർഷകരിൽ നിന്ന് വാങ്ങുന്ന 16 ഇനം പച്ചക്കറികൾക്ക് വാഗ്ദാനം ചെയ്യുന്നത് തീരെ താഴ്ന്ന വിലയാണ്. താങ്ങുവില ഉയർത്തണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുന്നില്ലെന്നും പരാതിയുണ്ട്.
വിലത്തകർച്ചയിൽനിന്ന് കർഷകരെ സംരക്ഷിക്കുന്നതിനും വിപണിയിൽ ന്യായമായ വില ഉറപ്പാക്കുന്നതിനുമാണ് തറവില നിശ്ചയിച്ചത്. 559 സംഭരണ കേന്ദ്രങ്ങളിലൂടെ ശേഖരിക്കുന്ന ഉത്പന്നങ്ങൾ കേരള ഫാം ഫ്രെഷ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് എന്ന ബ്രാൻഡായി വില്പനയ്ക്ക് എത്തിക്കുകയെന്നായിരുന്നു പ്രഖ്യാപനം.
പദ്ധതി ഇങ്ങനെ:
16 ഇനം പച്ചക്കറികളുടെ വില, നിർദ്ദിഷ്ട വിലയെക്കാൾ താഴാതിരിക്കാൻ സംഭരിച്ച് വി.എഫ്.പി.സി.കെ, ഹോർട്ടികോർപ് എന്നിവയുടേത് ഉൾപ്പെടെ 1,850ലധികം വിപണനകേന്ദ്രങ്ങളിലൂടെ വില്പന നടത്തും. തുക കർഷകന്റെ അക്കൗണ്ടിൽ ലഭ്യമാക്കും.
ഓരോ വിളയുടെയും ഉത്പാദനച്ചെലവിനൊപ്പം 20 ശതമാനം തുക അധികം ചേർത്താണ് താങ്ങുവില.
വിളകൾ, തറവില(കിലോഗ്രാമിന്)
മരച്ചീനി -12 രൂപ നേന്ത്രക്കായ -30 രൂപ വയനാടൻ നേന്ത്രൻ -24 രൂപ കൈതച്ചക്ക-15രൂപ കുമ്പളം-9 വെള്ളരി-8 പാവൽ-30 പടവലം-16 വള്ളിപ്പയർ-34 തക്കാളി-8 വെണ്ട-20 ക്യാബേജ്-11 ക്യാരറ്റ്-21 ഉരുളക്കിഴങ്ങ്-20 ബീൻസ്-28 ബീറ്റ്റൂട്ട്-21 വെളുത്തുള്ളി-139