വില്‍പ്പനയില്‍ തിരിച്ചടിയായി ജനങ്ങളുടെ തീരുമാനം; തുറന്ന് പറഞ്ഞ് ജുവലറി ഉടമകള്‍
കൊച്ചി: ആഗോള മേഖലയിലെ സാമ്പത്തിക അനിശ്ചിതത്വം സ്വര്‍ണ വിപണിയില്‍ വില ചാഞ്ചാട്ടം ശക്തമാക്കുന്നു. അമേരിക്കന്‍ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധികള്‍ നേരിടുന്നുവെന്ന ആശങ്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വില ഇന്നലെ താഴേക്ക് നീങ്ങി. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ വില്‍പ്പന മോഡിലേക്ക് നീങ്ങിയതാണ് തിരിച്ചടിയായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 4,210 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ കേരളത്തില്‍ പവന്‍ വില രണ്ട് തവണയായി 440 രൂപ കുറഞ്ഞ് 95,240 രൂപയിലെത്തി. ഗ്രാമിന്റെ വില 55 രൂപ താഴ്ന്ന് 11,985 രൂപയായി.
അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ കുറയ്ക്കുന്നതില്‍ കാലതാമസം വരുത്തുന്നതാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നത്. അതേസമയം ഡിസംബറില്‍ പലിശ കുറച്ചാല്‍ സ്വര്‍ണ വില കുത്തനെ കുറയാനിടയുണ്ടെന്ന് അനലിസ്റ്റുകള്‍ പറയുന്നു. വിവിധ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങുന്നതില്‍ മന്ദഗതിയില്‍ നീങ്ങി.
ഇതിനിടെ വിലയിലെ ചാഞ്ചാട്ടം രാജ്യത്തെ സ്വര്‍ണാഭരണ വില്‍പ്പനയ്ക്ക് തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. വില കുറയുമെന്ന പ്രതീക്ഷയില്‍ ഉപഭോക്താക്കള്‍ വാങ്ങല്‍ തീരുമാനം നീട്ടുകയാണെന്ന് ജുവലറി ഉടമകള്‍ പറയുന്നു.