ട്രാൻ. ബസുമായി കൂട്ടിയിടിച്ച് ട്രെയിലർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു

Wednesday 03 December 2025 12:13 AM IST

പുനലൂർ: ട്രെയിലർ ലോറി കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ദേശീയപാതയിൽ ഇടമൺ 34ന് സമീപം ഇന്നലെ രാവിലെ 6.45ഓടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് പുനലൂരിലേക്ക് സിമന്റുമായി വന്ന ട്രെയിലറാണ് അപകടത്തിൽപ്പെട്ടത്. ഇടൺ 34 ലെ ഇറക്കം ഇറങ്ങിവന്ന ട്രെയിലർ പാതയോരത്ത് നിറുത്തിയിട്ടിരുന്ന ശബരിമല തീർത്ഥാടകരുടെ വാഹനത്തിൽ ഇടിക്കാതിരിക്കാൻ മറുഭാഗത്തുകൂടി കടന്നുവരുമ്പോൾ എതിരെ വന്ന ബസിന്റെ പിൻവശം തട്ടി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം 15 അടിയോളം താഴ്ചയിലേക്ക് മറിയുക‍യായിരുന്നു. ഗുരുതരമായി പരിക്കേറ്റ ട്രെയിലർ ലോറി ഡ്രൈവറെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് നിന്ന് തെങ്കാശിക്ക് പോയ ബസുമായിട്ടാണ് ഇടിച്ചത്. ബസ് കണ്ടക്ടർക്ക് ചെറിയ പരിക്കുണ്ട്.